ദില്ലി: ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിലെ ഇന്ത്യൻ നിലപാടിനെ വിമർശിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. പലസ്തീൻ സംഘർഷത്തിൽ ഒരു നിലപാട് എടുക്കുന്നതിൽ കേന്ദ്രസർക്കാരിന് ആശയക്കുഴപ്പമുണ്ടെന്ന് ശരദ് പവാർ പറഞ്ഞു.
മുൻപൊരു സർക്കാരിൻ്രെ കാലത്തും ഇങ്ങനെയൊരു അവസ്ഥ വിദേശകാര്യനയത്തിൽ ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിലും ഇങ്ങനെയൊരു അവസ്ഥ നമ്മൾ കണ്ടിട്ടില്ല. ഇസ്രയേലിനെ അല്ല എല്ലാക്കാലത്തും പലസ്തീനെയാണ് ഇന്ത്യ പിന്തുണച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ആശയക്കുഴപ്പം പ്രകടമാണ്. പ്രധാനമന്ത്രി ആദ്യം സ്വീകരിച്ച നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് പിന്നീട് വിദേശകാര്യമന്ത്രാലയത്തിന് പറയേണ്ടി വന്നത് – പവാർ പറഞ്ഞു.
ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് മോദി പറഞ്ഞത്. എന്നാൽ പിന്നീട് സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ ആണ് ഇന്ത്യ കാലങ്ങളായി പിന്തുണയ്ക്കുന്നതെന്നാണ് വിദേശകാര്യവക്താവ് പറഞ്ഞത്. ഇസ്രയേൽ ഗാസയിൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ട സംഭവത്തി മോദി പലസ്തീൻ പ്രസിഡൻ്റ മുഹമ്മദ് അബ്ബാസിനെ വിളിച്ച് അനുശോചനം അറിയിക്കുകയും ദുരന്തമുഖത്തുള്ള പലസ്തീന് സാധ്യമായ സഹായമെല്ലാം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു.