ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉപയോഗിക്കുന്ന പോസ്റ്റൽ ഇൻഡക്സ് നമ്പർ (പിൻകോഡ് ) ന് 50 വർഷം തികയുന്നു. 1972 ഓഗസ്റ്റ് 15 നാണ് പിൻകോഡ് നിലവിൽ വന്നത്. ശ്രീറാം ഭികാജി വേളാങ്കർ ആണ് ഇന്ത്യയിൽ ആദ്യമായി പിൻകോഡ് സമ്പ്രദായം കൊണ്ട് വന്നത് .
ഇതിൻപ്രകാരം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും എട്ട് പിൻ മേഖലകളായാണ് തിരിച്ചിട്ടുള്ളത്. പിൻകോഡിലെ ആദ്യ അക്കം ഇവയിൽ ഏത് സ്ഥലത്ത് ഉൾപ്പെടുന്നു എന്ന് തിരിച്ചറിയാൻ ഉള്ളതാണ്. പോസ്റ്റോഫീസിൽ ഉൾപ്പെടുന്ന ഉപമേഖലയാണ് രണ്ടാമത്തെ അക്കം. തപാൽ സാധനങ്ങൾ വേർതിരിക്കുന്ന സോർട്ടിങ് ജില്ലയെയാണ് മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നത്. ഓരോ പോസ്റ്റാഫിസിനെയും സൂചിപ്പിക്കുന്നതാണ് അവസാന മൂന്ന് അക്കങ്ങൾ.
ഇന്ത്യയിലെ തപാൽ ഓഫീസുകളെ വർഗീകരിക്കാൻ വേണ്ടിയായിരുന്നു പിൻകോഡ് സമ്പ്രദായം കൊണ്ട് വന്നത്. പോസ്റ്റൽ ആൻഡ് ടെലഗ്രാം ബോർഡ് അംഗവും കേന്ദ്രവാർത്താ വിനിമയ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയുമായിരുന്നു ശ്രീറാം ഭികാജി. സംസ്കൃത ഭാഷയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് രാഷ്ട്രപതി പുരസ്കാരം ലഭിച്ചിരുന്നു. 1999 ൽ മുംബയിൽ വച്ച് അദ്ദേഹം അന്തരിച്ചു.