കഴിഞ്ഞ ദിവസം കോട്ടയത്ത് യുവാവ് ട്രെയിനില്‍ നിന്ന് ചാടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരക്കേറിയ കംപാര്‍ട്ട്മെന്റില്‍ ഇരുന്ന് പുകവലിച്ചതിനെ തുടര്‍ന്ന് പരാതിപ്പെട്ടതിന് പിന്നാലെയാണ് യുവാവ് ട്രെയിനില്‍ നിന്ന് ചാടിയതെന്ന് പൊലീസ് അറിയിക്കുന്നു.
പുകവലിച്ചത് പരാതിപ്പെട്ടതിന് പിന്നാലെ റെയില്‍വേ പൊലീസും ടിടിഇയും കംപാര്‍ട്ട്മെന്റില്‍ എത്തി. ഇതിന് പിന്നാലെ യുവാവ് വാതില്‍പ്പടിയിലേക്ക് ഇറങ്ങി നില്‍ക്കുകയായിരുന്നു. പല തവണ ടിടിഇയും പൊലീസും ഇയാളോട് തിരിച്ച് കയറാന്‍ ആവശ്യപ്പെടുന്നത് യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയയില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ യുവാവ് ചാടുകയായിരുന്നു.
കൊല്ലം ചവറയില്‍ തയ്യില്‍ വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന് എം ബി അന്‍സാര്‍ ഖാന് ആണ് ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയത്. ബുധനാഴ്ച വൈകിട്ട് 6.30 ന് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന വേണാട് എക്സ്പ്രസിലായിരുന്നു സംഭവം. പൊതി മേല്‍പ്പാലത്തിന് സമീപം നെല്ലിക്കുന്ന് വേനക്കുഴി ഭാഗത്താണ് ചാടിയത്.
തലയോലപ്പറമ്പ് പൊലീസ് നടത്തിയ തെരച്ചിലില്‍ പുല്ലും കാടും വളര്ന്നകാട്ടിനുപള്ളില് രാത്രി 12.30ഓടെ അന്‍സാര്‍ ഖാനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാഗില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുള്ള മേല്‍വിലാസത്തില്‍ വീട്ടുകാരെ വിവരം അറിയിച്ചു.