ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം മുഖപത്രമായ ദേശാഭിമാനി. ‘സംസ്ഥാന ഗവര്‍ണറാണ്, തെരുവുഗുണ്ടയല്ല’ എന്ന തലക്കെട്ടോടുകൂടിയാണ് ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറയുന്നത്. സംന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല. അതിനിവിടെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഉണ്ടെന്നും മുഖപത്രം പറയുന്നു.
‘രാഷ്ട്രപതിയുടെ പ്രതിനിധിയായി നിയമിക്കുന്ന കേവല ഉദ്യോഗമാണ് ഗവര്‍ണര്‍ പദവി. സംസ്ഥാനമന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അധികാരമാണ് ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നത്. സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല. അതിനിവിടെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുണ്ട്. എസ്എഫ്ഐ സമരം അധികൃതര്‍ക്ക് സുഖിക്കുന്ന രീതിയില്‍ ആയിരിക്കണമെന്നില്ല. അതില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ പൊലീസ് കേസെടുത്ത് നിയമ നടപടി സ്വീകരിക്കും. അത് പുതിയ കാര്യമല്ല. നിരവധി പ്രതിഷേധ സമരങ്ങളും കേസുകളും കേരളം കണ്ടിട്ടുണ്ട്. എന്നാല്‍ പ്രതിഷേധക്കാരെ നേരിടാന്‍ തെരുവുഗുണ്ടയെപോലെ ഭരണാധികാരി റോഡിലിറങ്ങുന്നത് മുമ്പെങ്ങും കണ്ടിട്ടില്ല. ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് ഭരണാധികാരികള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതായി അറിയില്ല. പ്രതിഷേധങ്ങളെ മാന്യമായി നേരിടാനുള്ള വിവേകം ഗവര്‍ണറെ പോലുള്ള ഒരാള്‍ക്ക് ഉന്നത സ്ഥാനത്തിരിക്കുന്ന ആള്‍ക്ക് ഉണ്ടാകണം. ഇത്രയും അനുഭവ സമ്പത്ത് ഉണ്ടായിട്ടും ആരിഫ് മുഹമ്മദ് ഖാന് അത് ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അദ്ദേഹം ഈ സ്ഥാനത്തിരിക്കാന്‍ ഒട്ടും യോഗ്യനല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയാണ്,’ മുഖപ്രസംഗത്തില്‍ പറയുന്നു.
കൊല്ലം നിലമേലില്‍ ഉണ്ടായത് ഇന്ത്യന്‍ ജനാധിപത്യത്തിനാകെ കളങ്കമാണ്. ഭരണഘടനയെപോലും വെല്ലുവിളിച്ച് രാജ്യത്തെ നിയമങ്ങളൊന്നും തനിക്ക് ബാധകമല്ലെന്ന രീതിയില്‍ പ്രതിഷേധക്കാരെ നേര്‍ക്ക് പാഞ്ഞടുത്ത കേരള ഗവര്‍ണറുടെ മനോനില പരിശോധിക്കേണ്ടതാണ്. സമരക്കാര്‍ ആരും ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് ചാടുകയോ അദ്ദേഹത്തിന്റെ യാത്രയ്ക്ക് തടസ്സമുണ്ടാക്കുകയോ ചെയ്തിട്ടില്ല. തികച്ചും ജനാധിപത്യ രീതിയില്‍ ബാനറും കറുത്ത തുണിയും ഉയര്‍ത്തിക്കാണിച്ച് റോഡരികില്‍ നിന്ന് പ്രതിഷേധിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഗവര്‍ണര്‍ കാര്‍ നിര്‍ത്തി പാഞ്ഞടുത്തത്. ഗവര്‍ണര്‍ തന്റെ ബെന്‍സ് കാര്‍ സമരക്കാര്‍ നിന്നതിന്റെ 25 മീറ്റര്‍ അകലെ നിര്‍ത്തിച്ചാണ് റോഡിലിറങ്ങിയത്. തടയാന്‍ ശ്രമിച്ച പൊലീസിനെ തട്ടിമാറ്റി, ‘ആവോ… ആവോ’ എന്ന് പറഞ്ഞ് പ്രതിഷേധക്കാരുടെ അടുത്തേക്ക് ആക്രോശിച്ച് ചെല്ലുകയായിരുന്നു ഗവര്‍ണര്‍ എന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
ഗവര്ണറെപോലെയുള്ള ഒരാള്‍ ഇത്തരം നാടകം കളിച്ചാല്‍ ഇന്ത്യയിലാകെയുള്ള മാധ്യമങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യം കിട്ടുമെന്ന് കൗശലക്കാരനായ, ആര്‍എസ്എസിന് വേണ്ടി എന്ത് നാണംകെട്ട പണിയും ചെയ്യാന്‍ മടിയില്ലാത്ത ആരിഫ് മുഹമ്മദ് ഖാന് നന്നായി അറിയാം. നിയമസഭയെയും കേരള ജനതയെയും നിരന്തരം അപമാനിക്കുന്ന ഗവര്‍ണര്‍ ആരുടെ നിര്‍ദേശം അനുസരിച്ചാണ് ഈ കോമാളി വേഷം കെട്ടുന്നത് എന്ന് ജനങ്ങള്‍ക്ക് മനസിലാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.