കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കടുത്ത പ്രമേഹം മൂലമുള്ള ശാരീരക അസ്വസ്ഥതകൾ മൂലം കഴിഞ്ഞ കുറച്ചു കാലമായി കാനം പൊതുരംഗത്ത് സജീവമായിരുന്നില്ല. ദിവസങ്ങൾക്ക് മുൻപാണ് പ്രമേഹം മൂർച്ഛിച്ച് അദ്ദേഹത്തിൻ്റെ കാൽപാദം മുറിച്ചു മാറ്റിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് വൈകുന്നേരത്തോടെ ഹൃദയഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. 2015-ലാണ് പന്ന്യൻ രവീന്ദ്രൻ പിൻഗാമിയായി കാനം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. കോട്ടയത്തെ കാനം ഗ്രാമത്തിൽ 1950 നവംബർ പത്തിനാണ് കാനം ജനിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്ത് എത്തിയ കാനം പിളർപ്പിന് ശേഷം സിപിഐയിൽ എത്തി.
നേരത്തെ സംഭവിച്ച ഒരു അപകടം മൂലം കാനത്തിൻ്റെ ഇടതുകാലിന് നേരത്തെ തന്നെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പ്രമേഹം വന്നതോടെ അതു കൂടുതലായി. ഇതിനിടയിലാണ് വലതുകാലിന് അടിഭാഗത്തായി മുറിവുണ്ടായത്. കടുത്ത പ്രമേഹമുള്ളതിനാൽ ഈ മുറിവ് കരിഞ്ഞില്ല. രണ്ട് മാസമായിട്ടും മുറിവ് കരിയാതിരുന്നതോടെയാണ് കാനം വിദഗ്ദ്ധ പരിശോധനയ്ക്കായി കൊച്ചിയിലെ ആശുപത്രിയിൽ എത്തിയത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുൻപേ തന്നെ കാലിന് അടിയിലെ മുറിവിൽ നിന്നും പഴുപ്പു മുകളിലേക്ക് കയറിയിരുന്നു. കാലിലെ രണ്ട് വിരലുകൾ മുറിച്ചു കളയണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ശസ്ത്രക്രിയക്കിടെ പഴുപ്പു കാലിൽ കൂടുതലായി വ്യാപിച്ചതായി കണ്ടെത്തിയ ഡോക്ടർമാർ മൂന്ന് വിരലുകൾ മുറിച്ചു മാറ്റി. എന്നിട്ടും അണുബാധയ്കക്ക് കുറവുണ്ടായില്ല. ഇതോടെയാണ് രണ്ടാഴ്ച മുൻപ് വലതുകാൽ പാദം പൂർണമായി മുറിച്ചു മാറ്റിയത്.
വളരെ പെട്ടെന്നാണ് ആരോഗ്യനില ഇത്ര വഷളായതെന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ കാനം പറഞ്ഞിരുന്നു.. കാൽപാദം മുറിച്ചു മാറ്റിയതോടെ ഷുഗർ കുറഞ്ഞെന്നും നേരത്തെ എടുത്ത ഇൻസുലിൻ്രെ മൂന്നിൽ ഒന്നും പോലും ഇപ്പോൾ വേണ്ടി വരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന ചില ആരോഗ്യപ്രശ്നങ്ങൾ മാറിയെന്നും വേദനയുണ്ടെങ്കിലും അതു കുറയുന്നുണ്ടെന്നും നിലവിലെ അവസ്ഥയെ അതിജീവിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച കാനംരണ്ട് മാസത്തിനുള്ള കൃതിമപാദം വയ്ക്കുമെന്നും അതുമായി പൊരുത്തപ്പെടുക എന്നതാണ് അടുത്ത വെല്ലുവിളിയെന്നും പറഞ്ഞിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള വലിയ പോരാട്ടത്തിന് ഒരുങ്ങുന്നതിനിടെയാണ് കാനത്തിൻ്റെ അപ്രതീക്ഷിത വിട വാങ്ങൽ.
2016-ൽ പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിലും തുടർന്ന് 2021-ൽ അധികാര തുടർച്ച നേടുന്നതിലും സിപിഐയും സിപിഎമ്മും തമ്മിലുള്ള ഒത്തിണക്കം നിർണായകമായിരുന്നു. ഏഴ് വർഷത്തോളം ഇടതുമുന്നണിയിൽ യാതൊരു അസ്വരാസ്യങ്ങളും ഇല്ലാതെ മുന്നണിയെ ഒറ്റക്കെട്ടായി കൊണ്ടു പോയതിൽ പിണറായി, കോടിയേരി, കാനം എന്നിവർ നിർണായക പങ്കുവഹിച്ചിരുന്നു. കഴിഞ്ഞ വർഷം കോടിയേരിയും ഇപ്പോൾ കാനവും വിട പറയുന്നതോടെ ഇടതുമുന്നിയുടെ നേതൃനിരയിൽ വലിയൊരു വിടവാണ് ബാക്കിയാവുന്നത്.