തൃശൂർ: ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി കേസിൽ കുടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് ഇനി അന്വേഷിക്കുക.
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിലും സ്കൂട്ടറിലും വ്യാജ എൽ.എസ്.ഡി സൂക്ഷിച്ച് എക്സൈസിന് രഹസ്യവിവരം നൽകി കുടുക്കിയ കേസിലാണ് അന്വേഷണം. എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് 72 ദിവസമാണ് ഷീലയ്ക്ക് ജയിലിൽ കഴിയേണ്ടി വന്നത്. പിടിച്ചെടുത്ത ലഹരി വസ്തുകൾ ലാബിൽ പരിശോധിച്ചപ്പോൾ ആണ് അതു വ്യാജമാണെന്ന് തെളിഞ്ഞതും ഷീലയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയതും.
ഷീല സണ്ണിയുടെ വാഹനത്തിലും ബാഗിലും ലഹരി വസ്തുകൾ വച്ച് എക്സൈസിനെ അറിയിച്ചത് എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്നാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. ഷീല സണ്ണിയുടെ മകൻറെ ഭാര്യയുടെ സഹോദരിയും ബെംഗളൂരുവിലെ വിദ്യാർത്ഥിനി ലിവിയ ജോസിൻ്റെ സുഹൃത്തായിരുന്നു നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എൽഎസ്ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗിൽ വെച്ച ശേഷം നാരായണ ദാസ് വിവരം എക്സൈസിന് നൽകിയത്. മെഡിക്കൽ എക്സാമിനറുടെ പരാതിയിൽ ഇത് വ്യാജ എൽഎസ്ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു. റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി.
സംഭവത്തിൽ പ്രതിയായ നാരായണദാസിന്റെ മുൻകൂർ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയിൽ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ഉണ്ടായി. ഷീല സണ്ണി രണ്ടരമാസം ജയിലിൽ കഴിഞ്ഞെന്നും നാരായണദാസിന് ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ടി വന്നില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയിൽ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറഞ്ഞു. നാരായണ ദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ലിവിയ ജോസ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി.
സാമ്പത്തിക തട്ടിപ്പ്, ആൾമാറാട്ടം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ നാരായണ ദാസ് 28 ലക്ഷത്തിൻ്റെ വഞ്ചനാ കേസിൽ പ്രതിയായിരിക്കെയാണ് ഷീല സണ്ണി കേസിൽ പ്രതിചേർക്കപ്പെട്ടത്. പിന്നീട് ഇയാൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഇയാളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടില്ല. എന്നാൽ ഇയാളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടുമില്ല. പൊലീസ് കമ്മീഷണറുടെ അടക്കം വേഷത്തിൽ ആൾമാറാട്ടം നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്.