കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം യുവാവ് മരിച്ചെന്ന് ആരോപണം. മൂക്കിലെ ദശ നീക്കം ചെയ്യാനെത്തിയ യുവാവിനാണ് സര്‍ജറിക്കിടെ മരണം സംഭവിച്ചത്. മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് യുവാവിന്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
പുല്‍പ്പള്ളി ചോലിക്കര സ്വദേശി സ്റ്റെബിനാണ് നാല് ദിവസം മുമ്പ് മരിച്ചത്. മൂക്കിലെ ദശ നീക്കം ചെയ്യാനാണ് സ്റ്റെബിന് ആശുപത്രിയിലെത്തിയത്. ആശുപത്രിയിലേക്ക് സ്വന്തമായി കാര്‍ ഓടിച്ചാണ് സ്റ്റെബിന് എത്തിയത്.
സര്‍ജറിക്കിടെ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് ആശുപത്രിയുടെ വിശദീകരണം. അനസ്തേഷ്യ നല്‍കിയതിലെ പിഴവാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
മരിച്ച ദിവസം പരാതിപ്പെടാന്‍ കുടുംബം തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ കല്‍പ്പറ്റ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയായിരുന്നു.