കംപ്യൂട്ടറില്‍ ആദ്യത്തെ മലയാളം ലിപിയെന്ന് കരുതപ്പെടുന്ന പ്ലാശ്ശേരി ഫോണ്ട് തയ്യാറാക്കിയ ഫാദര്‍ ജോര്‍ജ് പ്ലാശ്ശേരി അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഫാദര്‍ ഇന്നലെ പുലര്‍ച്ചെ 5.45നായിരുന്നു അന്ത്യം.
അഞ്ച് വ്യത്യസ്ത തരം മലയാളം ലിപികളും തമിഴ്, ഹിന്ദി, ഗ്രീക്ക് എന്നീ ഭാഷകളില്‍ ഓരോ ഫോണ്ടും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. 1989ലാണ് പ്ലാശ്ശേരി ഫോണ്ട് എന്നറിയപ്പെട്ട ആദ്യത്തെ കംപ്യൂട്ടറില്‍ തയ്യാറാക്കിയ ലിപിയുടെ ജനനം. സ്വന്തമായി സോഫ്റ്റ്വെയര് തയ്യാറാക്കിയായിരുന്നു ഫാദറിന്റെ പരീക്ഷണങ്ങള്‍.
ഇരിങ്ങാലക്കുട രൂപതയിലെ താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ അംഗമാണ്. 15-ാം വയസില്‍ സിഎംഐ സഭയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. തുടര്‍ന്ന് അദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ് കോളേജില്‍ നിന്ന് പ്രീ ഡിഗ്രിയും ഫിസിക്സില്‍ ബിരുദവും നേടി. 1974 ഡിസബര്‍ 28ന് വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് കുസാറ്റില്‍ നിന്ന ്ഫിസിക്സില് ബിരുദാനന്തര ബിരുദം നേടി. കാലിക്കറ്റ് സര്‍വകാലാശാലയില്‍ എംഫില്‍ പൂര്‍ത്തിയാക്കി. ഇതിന് ശേഷം കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ ആരംഭകാലത്ത് അതില്‍ ഉപരിപഠനത്തിനായി 1988ല്‍ അമേരിക്കയിലെത്തി. തുടര്‍ന്ന് പത്ത് വര്‍ഷക്കാലം അമേരിക്കയിലായിരുന്നു.
ഫിലാഡല്‍ഫിയ രൂപതയുടെ കീഴില്‍ രണ്ട് ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗ്രാഫിക് ഡിസൈനിങ്ങില്‍ താത്പര്യമുണ്ടായിരുന്ന ഫാദര്‍ അക്കാലത്ത് മൂന്ന് വീഡിയോ ഗെയിമുകള്‍ക്കും രൂപം നല്കി. നാട്ടില്‍ തിരിച്ചെത്തിയ അച്ചനെ സഭ നിയോഗിച്ചതു തമിഴ്നാട്ടിലായിരുന്നു. തമിഴ്നാട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ കംപ്യൂട്ടര്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന കാലത്ത് തമിഴ് ഫോണ്ടും തയാറാക്കി.
2000-10 കാലത്ത് എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെത്തി. കോളജില്‍ ജോലിക്ക് എത്തിയപ്പോള്‍ ഹിന്ദി ചോദ്യപേപ്പര്‍ തയാറാക്കുന്നതിലെ ബുദ്ധിമുട്ട് കണ്ടറിഞ്ഞു. ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിനു വലിയ തുക കൊടുക്കേണ്ടിവരുന്നു. മൂന്നു മാസം കൊണ്ടു ഹിന്ദി ഫോണ്ടും ഉണ്ടാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളേജിലും ഫിസിക്സ് പ്രൊഫസറായിരുന്നു.