ദുബായ്: ദുബായിൽ ബിസിനസ് രംഗത്ത് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ പുതുതായി തുടങ്ങുന്നത് ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ചൈനയെയും യൂറോപ്പിനെയും പിന്തള്ളിയാണ് ഇന്ത്യക്കാർ ഒന്നാം സ്ഥാനത്തെത്തിയത്. 6717 പുതിയ സ്ഥാപനങ്ങളാണ് ഈ വർഷം ആദ്യ പകുതിയിൽ തന്നെ ആരംഭിച്ചത്.ദുബായ് ചേംബർ ഓഫ് കൊമേഴ്സാണ് പട്ടിക പുറത്തുവിട്ടത്.
2022 നെ അപേക്ഷിച്ച് 39 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 2022 ൽ 4845 കമ്പനികൾ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വർഷം 6717 എന്ന കണക്കിലേക്ക് എത്തിയത്.ഇതോടെ ഇന്ത്യൻ ചേംബറിൽ അംഗമായ ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം 90,118 ആയി. ഇന്ത്യക്കാർ കഴിഞ്ഞാൽ എമിറാത്തികൾക്കാണ് കമ്പനി തുടങ്ങുന്നതിൽ ആധിപത്യം.
3395 കമ്പനികൾ പാകിസ്ഥാൻ സ്വദേശികളുടേതും 2154 കമ്പനികൾ ഈജിപ്ഷ്യൻസും 963 കമ്പനികളുമായി യുകെ അഞ്ചാം സ്ഥാനത്തുമാണ് നിലവിൽ. വിവിധ രാജ്യങ്ങളുടെ വൈവിധ്യത്തെ ഉൾക്കൊള്ളാനുള്ള ദുബായ് ചേംബറിന്റെ സന്നദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് സിഇഓ മുഹമ്മദ് അലി റാഷിദ് ലൂത്ത പറഞ്ഞു