എം.എല്‍.എ എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂര്‍ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി.
31 ലക്ഷം രൂപയുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. എന്നാല്‍ 22 മണിക്കൂറോളം വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് വ്യക്തമാക്കി.
ഇന്നലെ രാവിലെ ഏഴ് മണിക്കാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ എം.എല്‍.എയുടെ വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് റെയ്ഡ് അവസാനിപ്പിച്ച് മടങ്ങിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് റെയ്ഡിന് ശേഷം എസി മൊയ്തീന് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഭാര്യയുടേയും മകളുടേയും പേരിലുള്ള വസ്തുവിന്റെ വിവരങ്ങള്‍ അടക്കം പരിശോധിച്ചു. പുസ്തകങ്ങള്‍ വെച്ച റാക്കില്‍ പോലും ഇ.ഡി പരിശോധന നടത്തിയതായും എ.സി മൊയ്തീന് പറഞ്ഞിരുന്നു.
പരിശോധിക്കുന്നതില്‍ തടസ്സമൊന്നുമില്ല. പരിശോധിച്ചതിന്റെ സ്റ്റേറ്റ്മെന്റ് തന്ന് അവര്‍ മടങ്ങിയെന്നും എ.സി മൊയ്തീന് മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. മുന്‍ സഹകരണ റജിസ്ട്രാര്‍മാര്‍, കരുവന്നൂര്‍ തട്ടിപ്പിന്റെ പേരില്‍ സിപിഎമ്മില്‍ നിന്ന് പുരത്താക്കിയ ജില്ലാ കമ്മിറ്റിയംഗം സികെ ചന്ദ്രന്, പ്രധാന പ്രതികളായ ബാങ്ക് മാനേജര്‍ ബിജുകരീം, അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവരും പ്രധാന പ്രതികളായ മുന്‍ സെക്രട്ടറി സുനില്‍ കുമാറിന്റെ അച്ഛന് എന്നിവരും തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന് പങ്കുണ്ടെന്ന് മൊഴി നല്‍കിയിരുന്നു.