ന്യൂഡൽഹി: അടുത്ത മൂന്ന് – നാല് വർഷത്തിനകം രാജ്യത്തെ ട്രെയിനുകളിൽ വെയിറ്റിംഗ് ലിസ്റ്റ് ഇല്ലാത്തെ അവസ്ഥയിലേക്ക് എത്താനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ദീപാവലി ദിവസങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലുണ്ടായ കനത്ത തിരക്കും ഇതുമൂലം യാത്രക്കാർക്കുണ്ടായ കഷ്ടപ്പാടുകളും വലിയ വാർത്തയായതോടെയാണ് നിലവിലെ യാത്രാക്ലേശം പരിഹരിക്കാൻ ഇന്ത്യൻ റെയിൽവേ നടത്തി വരുന്ന ശ്രമങ്ങളെക്കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ വിശദീകരിക്കുന്നത്.

2027-ഓടെ രാജ്യത്തെ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവർക്കും കൺഫേം ടിക്കറ്റുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ മുന്നോട്ട് പോകുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അത്യാധുനിക ട്രെയിനുകൾ ഇറക്കിയും പാളങ്ങൾ ബലപ്പെടുത്തിയും സിഗ്നലിംഗ് സംവിധാനം നവീകരിച്ചും പുതിയ പാതകൾ സജ്ജമാക്കിയും ഈ ലക്ഷ്യം നേടാനുള്ള പദ്ധതിയാണ് റെയിൽവേ ഇപ്പോൾ നടപ്പാക്കുന്നതെന്ന് ഉന്നത റെയിൽവേ വൃത്തങ്ങൾ വിശദീകരിക്കുന്നു.

2027 വരെ എല്ലാ വർഷവും 4000 മുതൽ 5000 കിലോമീറ്റർ റെയിൽവേ പാത പുതുതായി സ്ഥാപിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയിലൂടെ പ്രതിദിനം 10748 ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. 2027-ഓടെ ഇത് 13,000 ട്രെയിനുകളായി വർധിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതിനായി അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ മൂവായിരത്തിലേറെ ട്രെയിനുകൾ നിർമ്മിച്ച് പുറത്തിറക്കും. ഇതിൽ കൂടുതലും വന്ദേഭാരത്, വന്ദേ സ്ലീപ്പർ, വന്ദേ സാധാരൺ, വന്ദേമെട്രോ തുടങ്ങിയ അത്യാധുനിക അതിവേഗ ട്രെയിനുകളായിരിക്കും.
സ്റ്റോപ്പുകളിൽ നിർത്താനും വീണ്ടും പുറപ്പെടാനും വേഗത കുറയ്ക്കാനും കൂട്ടാനുമെല്ലാം നിലവിൽ ട്രെയിനുകൾ കൂടുതൽ സമയം എടുക്കുന്നുണ്ട്. വന്ദേഭാരത് മാതൃകയിൽ ഇരുവശത്തും എഞ്ചിനുള്ള എല്ലാ കോച്ചുകളിലും മോട്ടറുള്ള പുഷ്പുൾ ട്രെയിനുകൾ വരുന്നതോടെ നിലവിലെ ട്രെയിനുകളേക്കാൾ നാലിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ രാജ്യത്തെമ്പാടും റെയിൽവേ ട്രാക്കുകളുടെ ബലപ്പെടുത്തൽ പുരോഗമിക്കുകയാണ്. ആദ്യപടിയായി 110-കിമീ വേഗതയിലേക്കും പിന്നെ ഘട്ടം ഘട്ടമായി 130,160 കിമീ വേഗതയിലും ട്രെയിനുകൾ ഓടിക്കാൻ സാധിക്കുന്ന തരത്തിൽ മുഴുവൻ ട്രാക്കുകളും ബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അടുത്ത നാല് വർഷത്തിനുള്ളിൽ രാജ്യത്തെ ഭൂരിഭാഗം ട്രാക്കുകളിലും ആദ്യഘട്ട ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നും ഉദ്യോഗസ്ഥർ പറയുന്നു.
