റിയാദ്: ആറു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ പ്രവാസി റിയാദിൽ നിര്യാതനായി. മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി ഉമറുൽ ഫാറൂഖ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു.
റിയാദിലെ ന്യൂ സനാഇയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്ന ഉമറുൽ ഫാറൂഖിന് ജോലിക്കിടെ പക്ഷാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ആറ് മാസമായി റിയാദിലെ സൌദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സൈതലവിയാണ് ഉമറുൽ ഫാറൂഖിൻ്റെ പിതാവ്. ഹൈറുന്നിസയാണ് ഭാര്യ. ഫൈസാൻ മകനാണ്. ഹമീദ് (റിയാദ്), ഹനീഫ, ഫൈസൽ ബാബു, ആയിഷ ഫിർദൌസ്, യൂസഫ്, അബ്ദുറഹ്മാൻ എന്നിവരാണ് സഹോദരങ്ങൾ. റിയാദിലെ ഐസിഎഫ് വെൽഫെയർ സമിതിയുടെ കീഴിൽ മരണാനന്തര നടപടികൾ പൂർത്തീകരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.