തിരുവനന്തപുരം: വർക്കലയിൽ 19-കാരിയായ ഗർഭിണി ജീവനൊടുക്കി. വർക്കല പേരേറ്റിൽ കാട്ടിൽ വീട്ടിൽ ലക്ഷ്മി എന്ന അമ്മുവാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാല് മണിക്കാണ് സംഭവം.
പതിനൊന്ന് മാസം മുൻപാണ് ഓട്ടോ ഡ്രൈവറായ കിരണിനെ ലക്ഷ്മി വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വർക്കല മണമ്പൂർ ശങ്കരൻമുക്കിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഒപ്പമായിരുന്നു ലക്ഷ്മിയുടെ താമസം. ഈ അടുത്താണ് ലക്ഷ്മി ഗർഭിണിയാണെന്ന് അറിഞ്ഞത്. ഇതോടെ ഭർത്തൃവീട്ടുകാർ ലക്ഷ്മിയെ കോളേജിൽ വിട്ടിരുന്നില്ല. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് സൂചന.
എ.എസ്.പി ദീപക് ധനകർ സ്ഥലത്ത് എത്തി പരിശോധന നടത്തി. കടയ്ക്കാവൂർ പൊലീസ് പരിപ്പള്ളി മെഡിക്കൽ കോളേജിൽ ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.