മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥർ ഇനി മുതൽ ഫോണെടുക്കുമ്പോൾ ഹലോ എന്ന് പറയുന്നത് മാറ്റി പകരം വന്ദേമാതരം എന്ന് പറയണമെന്ന നിർദേശവുമായി ബിജെപി നേതാവും സാംസ്കാരിക മന്ത്രിയുമായ സുധീർ മുഗന്തിവർ. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
ഹലോ എന്നുള്ളത് ഇംഗ്ലീഷ് വാക്കായതിനാൽ അത് ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു. നമ്മൾ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിനാൽ സർക്കാർ ജീവനക്കാരെല്ലാം ഇനി മുതൽ ഫോൺ എടുത്താൽ വന്ദേമാതരം പറഞ്ഞ് തുടങ്ങണം എന്നാണ് മന്ത്രി നൽകിയ നിർദ്ദേശം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിൻഡെ മന്ത്രിസഭയിൽ വകുപ്പ് വിഭജനം നടന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം.