ബഹറൈനില്‍ നിയമക്കുരുക്കില്‍പ്പെട്ട മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത് പത്ത് മാസങ്ങള്‍ക്ക് ശേഷം. മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ ഇടപെടലിന് ശേഷമാണ് മലയാളിയായ പൊന്നാനി കുറുപ്പള്ളി മൊയ്തീന്റെ മൃതദേഹം ബന്ധുക്കള്‍
ഏറ്റുവാങ്ങിയത്.
കഴിഞ്ഞ ഒക്ടബോര്‍ 19ന് അവശ നിലയില്‍ കണ്ടെത്തിയ മൊയ്തീനെ പ്രദേശ വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തതോടെ നാട്ടിലെത്തിക്കാന്‍ നിയമക്കുരുക്ക് തടസ്സമായി.
മൊയ്തീന്റെ സഹോദരന് വഴി ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും വഴി നിരവധി തവണ പരിശ്രമിച്ചിട്ടും മൃതദേഹം നാട്ടിലെത്തിക്കാന്‍ ആയില്ല. കോടതി നടപടികള്‍ പൂര്‍ത്തിയാകാതെ വിട്ട് നല്കാന് ആവില്ലെന്നാണ് അറിയിച്ചത്. കഴിഞ്ഞ ദിവസം യൂസഫലിയുമായി ബന്ധപ്പെട്ടതോടെയാണ് നിയമക്കുരുക്ക് അഴിഞ്ഞത്.
യൂസഫലി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയെ ബന്ധപ്പെട്ടതോടെയാണ് മൃതദേഹം വിട്ടുകിട്ടാന്‍ തീരുമാനമായത്. കുടുംബത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും നന്ദിയും എം.എ യൂസഫലിയോട് അറിയിക്കുന്നതായും മൊയ്തീന്റെ സഹോദരന് മാളിയേക്കല്‍ സുലൈമാന്‍ പറഞ്ഞു.
ലുലു ബഹ്റൈന്‍ ആന്‍ഡ് ഈജിപ്ത് ഡയറക്ടര്‍ ജൂസര്‍ രൂപാവാല, ലുലു ബഹ്റൈന്‍ റീജൈണല്‍ മാനേജര്‍ അബ്ദുള്‍ ഷുക്കൂര്‍, ലുലു ബഹ്റൈന്‍ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സജിത്ത് എന്നിവരും മൊയ്തീന്റെ ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് ബഹ്റൈനിലെ കുവൈത്ത് മസ്ജിദില്‍ ഖബറടക്കി.