കയ്പമംഗലത്തുണ്ടായ കാറപകടത്തിൽ പരിക്കേറ്റ മിമിക്രി താരങ്ങളായ ബിനു അടിമാലിയും, മഹേഷും അപകടനില തരണം ചെയ്തു. ഇരുവർക്കും സാരമായ പരിക്കേറ്റിട്ടില്ലെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഇന്ന് പുലർച്ചെ നാലേകാലോടെയുണ്ടായ അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന നാല് പേരെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ നടൻ കൊല്ലം സുധിക്ക് ബോധമുണ്ടായിരുന്നുവെങ്കിലും പിന്നീടാണ് മരണപ്പെട്ടത്.
പരിക്കേറ്റ മഹേഷിനേയും ബിനു അടിമാലിയേയും ഡ്രൈവർ ഉല്ലാസിനേയും കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. മഹേഷ് അമൃതയിലും ബിനു അടിമാലി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലുമാണുള്ളത്.
ബിനുവിൻ്റെ സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ പൂർത്തിയായിട്ടുണ്ട്. ബിനുവിൻ്റെ മുഖത്ത് പൊട്ടലുണ്ട്, തലയ്ക്ക് ചെറിയ ചതവുണ്ട്, നട്ടെല്ലിനും അപകടത്തിൽ പരിക്കുണ്ട്. മഹേഷിൻ് പരിശോധനാ റിപ്പോർട്ടുകൾ ഇനിയും വന്നിട്ടില്ല. പ്രാഥമിക പരിശോധനയിൽ രണ്ട് പേർക്കും മറ്റു ഗുരുതര പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് ആശുപത്രിയിലുള്ള മിമിക്രി താരം കെ.എസ് പ്രസാദ് അറിയിച്ചു.
ഇന്ന് പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പമംഗലത്തിന് അടുത്ത പനമ്പിക്കുന്നിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരണപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസ്ഥലത്തേക്ക് നാട്ടുകാർ ഓടിയെത്തുമ്പോൾ കാറിലുണ്ടായിരുന്ന നാല് പേർക്കും ബോധമുണ്ടായിരുന്നു. കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകുന്നതിനിടെ സുധിക്ക് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
നീണ്ടകാലം മിമിക്രി വേദിയിൽ സജീവമായിരുന്ന കൊല്ലം സുധി 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ സുധി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു.