മലയാള സിനിമയിൽ മറ്റൊരു പ്രണയം കൂടി വിവാഹത്തിലേക്ക്. നടൻ ദീപക് പറമ്പോലും നടി അപർണ ദാസുമാണ് വിവാഹിതരാകുന്നത്. ഏപ്രിൽ 24-ന് വടക്കാഞ്ചേരിയിലെ സ്വകാര്യ കൺവൻഷൻ സെൻ്ററിൽ വച്ചാണ് വിവാഹം. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നുവെന്നും ഒടുവിൽ വിവാഹത്തിലേക്ക് എത്തുകയായിരുന്നുവെന്നുമാണ് വിവരം.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെയാണ് ദീപക് സിനിമയിലേക്ക് എത്തുന്നത്. ഈ ചിത്രത്തിൽ ദീപക് ചെയ്ത രാഷ്ട്രീയ നേതാവിൻ്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് തിര, കുഞ്ഞിരാമായണം, ഡി കമ്പനി, രക്ഷാധികാരി ബൈജു, ക്യാപ്റ്റൻ, ബിടെക്ക്, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലും ദീപക് മികച്ച പ്രകടനം കാഴ്ച വച്ചു. ചിദബംരം സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായും ദീപക് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വിഷു റിലീസായി എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം ആണ് ഇനി ദീപകിൻ്റേതായി വരാനുള്ള ചിത്രം.
ഞാൻ പ്രകാശൻ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ അപർണദാസ് മനോഹരം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഈ ചിത്രത്തിൽ അപർണയ്ക്കൊപ്പം പ്രധാന വേഷത്തിലെത്തിയത് വിനീത് ശ്രീനിവാസനും ദീപകുമായിരുന്നു എന്നതാണ ്കൌതുകം. തുടർന്ന് ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലും അപർണ അഭിനയിച്ചു. ഡാഡ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലെ നായികയും അപർണയായിരുന്നു. കഴിഞ്ഞ ആഴ്ച തീയേറ്ററിലെത്തിയ സ്ക്രീട്ട് ഹോം ആണ് അപർണയുടെ പുതിയ റിലീസ്.