കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ കാലിഫോര്‍ണിയയില്‍ നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി. വിദേശത്തായിരിക്കുമ്പോള്‍ രാഹുലിന്റെ ദേഹത്ത് ജിന്നയുടെ ആത്മാവ് പ്രവേശിക്കുമെന്നാണ് ബിജെപിയുടെ വിമര്‍ശനം.
കാലിഫോര്‍ണിയയില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവെ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ചിരുന്നു. രാജ്യത്തെ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ബിജെപി സര്‍ക്കാര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഇതിന് മറുപടിയായി ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്വിയാണ് ജിന്നയുമായി താരതമ്യം ചെയ്ത് വിമര്‍ശനമുന്നയിച്ചത്.
‘രാഹുല്‍ ഗാന്ധി വിദേശത്ത് പോയാല്‍ അദ്ദേഹത്തിന്റെ ദേഹത്ത് ജിന്നയുടെ ആത്മാവോ അല്‍ ഖ്വയ്ദ പോലുള്ള ആളുകളുടെയോ ചിന്താഗതിയോ മനസില്‍ കയറും. ഇന്ത്യയില്‍ തിരിച്ചെത്തി നല്ലൊരു ബാധയൊഴിപ്പിക്കലുകാരനില്‍ നിന്ന് ഇതെല്ലാം ഒഴിപ്പിച്ച് വിടണം. സ്വന്തം ജന്മിത്ത കുത്തകാധികാരം വികസന പദ്ധതികളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലാതാക്കിയത് അംഗീകരിക്കാന്‍ സാധിക്കാത്തതാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്നം. ജനാധിപത്യത്തെ രാഹുല്‍ രാജ വാഴ്ചയോടാണ് ഉപമിച്ചത്. ഇന്ത്യയെ നാണം കെടുത്താനുള്ള കരാറെടുത്തിരിക്കുകയാണ് രാഹുല്‍. കോണ്‍ഗ്രസ് മുസ്ലിങ്ങളെ ച്യൂയിംഗം പോലെ ഉപയോഗിച്ചു,’ നഖ്വി പറഞ്ഞു.
കേന്ദ്ര മന്ത്രി അനുരാഗ് ഠാകൂര്‍ അടക്കം മറ്റു ബിജെപി നേതാക്കന്മാരും രാഹുലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ആറ് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി യുഎസില്‍ എത്തിയത്.