കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടും പിന്നാലെ വന്ന പീഡന പരാതികളിലും അമ്മയിൽ പൊട്ടിത്തെറി. സംഘടനയ്ക്ക് അകത്തും പുറത്തും കടുത്ത വിമർശനം നേരിടേണ്ടി വന്നതോടെയാണ് അമ്മ പ്രസിഡൻ്റ് മോഹൻലാലും ഭരണസമിതിയും രാജിവച്ചൊഴിഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനോടും പിന്നീട് വന്ന പീഡന പരാതികളിലും അമ്മ നേതൃത്വം സ്വീകരിച്ച നടപടികളിൽ വലിയൊരു വിഭാഗം അംഗങ്ങൾക്ക് പരാതിയുണ്ടായിരുന്നുവെന്നാണ് സൂചന.
പീഡന ആരോപണങ്ങളെ തുടർന്ന് അമ്മ കടുത്ത പ്രതിരോധത്തിലായിട്ടും സംഘടന നേതൃത്വം ഒരു തരത്തിലുള്ള പ്രതികരണവും നടത്താതിരുന്നതും നിലപാട് വ്യക്തമാക്കാതെയിരുന്നതും ഒരു വിഭാഗം അംഗങ്ങളെ പ്രകോപിപ്പിച്ചു. അമ്മയുടെ വൈസ് പ്രസിഡൻ്റ് കൂടിയായ നടൻ ജഗദീഷ് തുടക്കം മുതൽ ഇക്കാര്യത്തിൽ പരസ്യമായി സംഘടനയെ തിരുത്തിയിരുന്നു. സിദ്ധീഖിൻ്റെ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ നിലപാട് പരസ്യപ്പെടുത്തി മുന്നോട്ട് വന്ന ജഗദീഷ് തുടർന്നുള്ള ദിവസങ്ങളിൽ സംഘടനയ്ക്ക് അകത്തും തിരുത്തലിനായി പോരാടി എന്നാണ് സൂചന.
അമ്മയുടെ കോർ ഗ്രൂപ്പിൽ നടൻ ജഗദീഷിൻ്റെ നേതൃത്വത്തിൽ അഭിനേതാക്കൾ നേതൃത്വത്തിനെതിരെ തുറന്നടിച്ചു. മുഴുവൻ അംഗങ്ങളുടേയും നിലപാട് ഉൾക്കൊണ്ട് കൊണ്ടുള്ള പ്രതികരണം അമ്മയുടെ നേതൃത്വത്തിൽ നിന്നും ഉണ്ടായില്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തി പലതും തുറന്നു പറയേണ്ടി വരുമെന്ന് വാട്സാപ്പ് ഗ്രൂപ്പിൽ യുവനടൻമാരും വനിതകളും പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരിച്ചു കൊണ്ട് നടൻ സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനം അമ്മയിൽ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയെന്നാണ് സൂചന. അംഗങ്ങളുടെ വിയോജിപ്പ് കണക്കിലെടുക്കാതെയാണ് സിദ്ദിഖ് വാർത്താ സമ്മേളനം നടത്തിയതെന്ന് ഒരുവിഭാഗം നേതൃത്വത്തിന് മുൻപിൽ വിമർശനമുന്നയിച്ചു. നടൻ ജഗദീഷിന്റെ നേതൃത്വത്തിലാണ് യോഗത്തില് രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടത്. ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവർക്കൊപ്പം അമ്മ നിന്നില്ലെന്ന് വിമർശനം ഉയര്ന്നു. അതേസമയം വിമര്ശനം ഉന്നയിച്ച ജഗദീഷിനൊപ്പം മുതിർന്ന താരങ്ങൾ നിന്നില്ലെങ്കിലും യുവതാരങ്ങൾ അദ്ദേഹത്തെ പിന്തുണച്ചു. ജഗദീഷിനെ പിന്തുണച്ച് ഒരു വിഭാഗം അംഗങ്ങളും രംഗത്ത് വന്നു.
ഇന്ന് രാവിലെ മുതൽ അമ്മയുടെ വാട്സാപ്പ് ഗ്രൂപ്പിൽ വലിയ ചർച്ചയും കലാപവും നടന്നുവെന്നാണ് പുറത്തു വരുന്ന വിവരം. കൂട്ടരാജിക്ക് മുൻപ് അമ്മയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ചേരിതിരിഞ്ഞു ചർച്ച നടന്നു. ജഗദീഷിൻ്റെ നേതൃത്വത്തിൽ യുവതാരങ്ങളും വനിതകളും നേതൃത്വത്തിനെതിരെ രംഗത്ത് എത്തി. ഇനിയും മൗനം തുടർന്നാൽ പലതും പരസ്യമായി പറയേണ്ടി വരുമെന്ന് താരങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ പറഞ്ഞു. ഇന്ന് തന്നെ അമ്മ അന്തിമ നിലപാട് എടുക്കണമെന്ന് ആവശ്യമുയർന്നു. അംഗങ്ങളിൽ പലരും മോഹൻലാലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ഇവരെല്ലാം മോഹൻലാലിനെ വാട്സാപ്പിൽ സന്ദേശമയച്ചു. മമ്മൂട്ടിക്കും പലരും സന്ദേശമയച്ചു.
രാജിവച്ചൊഴിഞ്ഞ സിദ്ദീഖിന് പകരം ആരോപണ വിധേയനായ ബാബുരാജിന് താത്കാലിക ചുമതല നടക്കാൻ അമ്മയ്ക്ക് അകത്ത് നീക്കം നടന്നിരുന്നു. ഇത് അംഗങ്ങളെ പ്രകോപിപ്പിച്ചു. ആരോപണം നേരിടുന്നവരെ അമ്മ സംരക്ഷിക്കുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ പുറത്തേക്ക് പോകുന്നതെന്ന് അംഗങ്ങൾ പലരും തുറന്നടിച്ചു. ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കാൻ നടത്തിയ നീക്കം വനിത അംഗങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. ബാബുരാജിനെ എക്സിക്യൂട്ടീവിൽ നിന്നു തന്നെ നീക്കണം എന്ന് മമ്മൂട്ടിയോടും മോഹൻലാലിനോടും അംഗങ്ങൾ വാട്സാപ്പ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ആരോപണ വിധേയരെ മാറ്റി നിർത്തി സംഘടന മുന്നോട്ട് പോകണം എന്നായിരുന്നു ഒരു വിഭാഗത്തിൻ്റെ ആവശ്യം. ജഗദീഷിനെ കൂടാതെ ടൊവിനോയും അൻസിബാ ഹസ്സനും ഇതേ നിലപാട് സ്വീകരിച്ചുവെന്നാണ് സൂചന. ചില മുതിർന്ന വനിതാ അംഗങ്ങൾ ഈ നേതൃത്വത്തിന് കീഴിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മോഹൻലാലിനേയും മമ്മൂട്ടിയേയും അറിയിച്ചു.
തനിക്ക് മുന്നിൽ പരാതിയുമായി എത്തിയവരോട് മോഹൻലാലിനെ സംരക്ഷിച്ചു കൊണ്ടാണ് മമ്മൂട്ടി സംസാരിച്ചതെന്നാണ് സൂചന. എന്നാൽ വാട്സാപ്പ് ഗ്രൂപ്പിലെ കലാപത്തിന് പിന്നാലെ താൻ സ്ഥാനമൊഴിയുകയാണെന്ന് മോഹൻലാൽ മമ്മൂട്ടിയെ അറിയിച്ചു. രാജിതീരുമാനം പിൻവലിക്കാൻ മമ്മൂട്ടി സമ്മർദ്ദം ചെലുത്തിയെങ്കിലും മോഹൻലാൽ ഉറച്ചു നിന്നു. ഇതോടെ മോഹൻലാൽ മാത്രമായി രാജിവയ്ക്കേണ്ടതില്ലെന്നും എക്സിക്യൂട്ടീവ് ഒന്നാകെ രാജിവയ്ക്കണമെന്നും മമ്മൂട്ടി നിർദേശിച്ചു എന്നാണ് സൂചന. തൊട്ടുപിന്നാലെ ലഭ്യമായ അംഗങ്ങളെ വച്ച് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഓൺലൈനായി ചേരുകയും ഈ യോഗത്തിൽ മോഹൻലാൽ രാജിതീരുമാനം പ്രഖ്യാപിക്കുകയുമായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 17 അംഗങ്ങളിൽ പലരും മാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ പദവി ഒഴിഞ്ഞുവെന്ന കാര്യം അറിഞ്ഞത്.
സംഘടനയ്ക്ക് ഒരു രീതിയിലും പോകാൻ പറ്റാത്ത സാഹചര്യമാണ് മുന്നിൽ. ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഇനിയും ആക്രമണം തുടരും. നമ്മൾ ഒഴിയുന്നതാണ് നല്ലത്. ഇനി പുതിയ തലമുറ അമ്മയെ നയിക്കട്ടെ. മനസ്സ് വളരെയേറെ വേദനിച്ചു. ഈ പടിയിറക്കം വേദനയോടെയാണ് ഇക്കയുമായി (മമ്മൂട്ടി) സംസാരിച്ചു – എക്സിക്യൂട്ടീവിൽ രാജി പ്രഖ്യാപിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞു.
നേരത്തെ ജൂൺ 30-ന് നടന്ന അമ്മ തെരഞ്ഞെടുപ്പിൽ ഒരു തലമുറ മാറ്റത്തിന് നീക്കമുണ്ടായിരുന്നു. യുവാക്കൾ ഭരണനേതൃത്വത്തിലേക്ക് വരണമെന്ന് മോഹൻലാൽ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് നടൻ ജഗദീഷ് പിന്നീട് വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജോ കുഞ്ചാക്കോ ബോബനോ നേതൃത്വത്തിലേക്ക് വരണമെന്നായിരുന്നു അമ്മയിലെ പൊതുവികാരമെങ്കിലും സിനിമാതിരക്കുകൾ ചൂണ്ടിക്കാട്ടി ഇരുവരും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ല.
1994-ൽ എംജി സോമൻ പ്രസിഡൻ്റായും ടിപി മാധവൻ ജനറൽ സെക്രട്ടറിയായുമാണ് അമ്മയുടെ ആദ്യ ഭരണസമിതി നിലവിൽ വരുന്നത്. 1994 മുതൽ 11 ഭരണസമിതികൾ അമ്മയെ നയിച്ചു. എന്നാൽ ഇതിൽ കാലാവധി പൂർത്തിയാവാതെ ആദ്യത്തെ ഭരണസമിതിയാണ് മോഹൻലാലിൻ്റെ നേതൃത്വത്തിലേത്.