വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം കോം പ്രവേശനം നേടിയ മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറി നിഖിൽ തോമസിന്റെ കോളേജ് പ്രവേശനത്തിനായി ഇടപെട്ടത് പാർട്ടിക്കുള്ളിലെ തന്നെ ആളാണെന്ന് എം എസ് എം കോളേജ് മാനേജർ ഹിലാൽ ബാബു. അദ്ദേഹം ഇപ്പോഴും പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും പേര് വെളിപ്പെടുത്തിയാൽ അദ്ദേഹത്തെ അത് വ്യക്തിപരമായി ബാധിക്കുമെന്നും ഹിലാൽ ബാബു പറഞ്ഞു. നിഖിലിന്റെ സെർട്ടിഫിക്കറ്റുകൾ പരിശോധിച്ചത് അധ്യാപകരാണ്. അധ്യാപകരിൽ നിന്നും എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വ്യാജ സെർടിഫിക്കറ്റാണ് നിഖിൽ അഡ്മിഷനായി ഹാജരാക്കിയതെന്ന കാര്യം ഇപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിഖിൽ തോമസ് കായംകുളം എം എസ് എം കോളേജിൽ എം.കോമിന് ചേർന്നത് ബി.കോം പാസ്സാവാതെയാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അഡ്മിഷൻ സമയത്ത് ഛത്തീസ്ഗഡ് കലിംഗ സർവകലാശാലയിൽ നിന്നും ബി.കോം പാസ്സായെന്ന സർട്ടിഫിക്കറ്റ് ആയിരുന്നു നിഖിൽ ഹാജരാക്കിയത്. എന്നാൽ ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സർവ്വകലാശാല വൈസ് ചാൻസിലറും, കലിംഗ സർവ്വകലാശാല രജിസ്ട്രാറും, എം എസ് എം കോളേജ് പ്രിൻസിപാളും സ്ഥിരീകരിച്ചു. തുടർന്ന് നിഖിലിനെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്യുകയുമുണ്ടായി.
എന്നാൽ നിഖിൽ ചെയ്തത് കൊടുംചതിയാണെന്നാണ് കായംകുളം ഏരിയ സെക്രട്ടറി പറഞ്ഞു. ഇത്തരം ചതി ചെയ്യുന്ന ആളുകളോട് പാർട്ടി പൊറുക്കുകയില്ലെന്നും വിഷയം ജില്ലാ കമ്മിറ്റയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കോളേജ് പ്രവേശനത്തിനായി നിഖിൽ പാർട്ടിയെ സമീപിച്ചിട്ടുണ്ടെന്നും പാർട്ടിക്കകത്ത് ആരെങ്കിലും നിഖിലിനെ സഹായിച്ചിട്ടുണ്ടോയെന്നുള്ള കാര്യം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.