താരങ്ങൾ സിനിമയുടെ എഡിറ്റിംഗിൽ അനാവശ്യമായി ഇടപെടുന്നു, ബുദ്ധിമുട്ടുണ്ടാക്കുന്ന താരങ്ങളുടെ പേര് വെളിപ്പെടുത്തും, മലയാള സിനിമാ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഫെഫ്ക. മലയാള സിനിമാ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഫെഫ്ക. ചില നടീനടൻമാർ ചിത്രത്തിന്റെ എഡിറ്റ് വരെ കാണണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും ഇത് കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സിനിമ സംവിധായകന്റെ സൃഷ്ടിയാണെന്ന കാര്യം മറന്ന് കൊണ്ടാണ് പലരും പെരുമാറുന്നത്. മലയാള സിനിമ ഇപ്പോൾ കടന്നുപോകുന്നത് അതിന്റെ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ കാലഘട്ടത്തിലൂടെയാണെന്നും ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു
ചില നടീനടന്മാർ ഒരേസമയം പല നിർമാതാക്കൾക്കും സംവിധായകർക്കും ഒരേ ഡേറ്റ് നൽകി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. താരസംഘടനയായ അമ്മ അംഗീകരിച്ച കരാറിൽ ഒപ്പിടാൻ പോലും പലരും തയ്യാറാകുന്നില്ല. എല്ലാവരുമായും കരാർ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തിക്കൂവെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ‘നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരോട് ഒന്ന് മാത്രമേ പറയാനുള്ളു. നിർമാതാവ് ഇല്ലെങ്കിൽ താരത്തിന് പ്രസക്തി ഇല്ല.
ആർട്ടിസ്റ്റുകളുടെ പേര് വച്ചുള്ള പരാതികൾ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇവരുമായ ചർച്ച ചെയ്ത ശേഷം ആവശ്യമെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ പേര് വെളിപ്പെടുത്തുമെന്നും’ ബി ഉണ്ണികൃഷ്ണൻ കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.