ഇസൈ മന്നൻ എന്നറിയപ്പെടുന്ന തമിഴ് സംഗീതസംവിധായകൻ ഇളയരാജയുടെ ജീവിതം സിനിമയാവുന്നു. ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ച് ഇന്നലെ ചെന്നൈയിൽ നടന്നു. കമൽഹാസനാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനാച്ഛാദനം ചെയ്തത്. ക്യാപ്റ്റൻ മില്ലറിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷാണ് ഇതിഹാസ സംഗീതജ്ഞനായി എത്തുന്നത്.
കുട്ടിക്കാലം മുതൽ ഇളയരാജയുടെ പാട്ടുകൾ കേട്ട് വളർന്നവനാണ് ഞാൻ. എന്നെ വഴിനടത്തുന്ന വെളിച്ചമാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ ജീവിതം സിനിമയാകുമ്പോൾ ആ വേഷം ചെയ്യാൻ സാധിക്കുന്നു എന്നത് വലിയൊരു ഭാഗ്യമാണ്. ഈ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കമൽഹാസൻ സാറിനോട് ഞാൻ നന്ദി പറയുന്നു – ചടങ്ങിൽ ധനുഷ് പറഞ്ഞു.
ഗുണ എന്ന ചിത്രത്തിൽ ഇളയരാജ സംഗീതം പകർന്ന ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും വൈറലായ ‘കണ്മണി അൻപോട് കാതലൻ’ എന്ന ഗാനത്തെക്കുറിച്ച് കമൽ ഹാസൻ ചടങ്ങിൽ സംസാരിച്ചു. ഇളയരാജയുമായി ചെയ്ത ആ ഗാനത്തിൽ പ്രണയത്തിന്റെയും ഇമോഷൻസിനെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ധനുഷിന് എല്ലാ വിധ ആശംസകളും നേരുന്നതായും കമൽ പറഞ്ഞു.
ചിത്രത്തിൻ്റെ ലോഞ്ചിംഗ് ഇവൻ്റിൽ ഇളയരാജയോടൊപ്പം സംവിധായകരായ വെട്രിമാരനും ത്യാഗരാജ കുമാരരാജനും ഒപ്പം സിനിമ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. കണക്ട് മീഡിയ, പികെ പ്രൈം പ്രൊഡക്ഷൻ, മെർക്കുറി മൂവീസ് എന്നിവരുടെ ബാനറിൽ ശ്രീറാം ഭക്തിസരൻ, സി കെ പദ്മ കുമാർ, വരുൺ മാതുർ, ഇളംപരീതി ഗജേന്ദ്രൻ , സൗരഭ് മിശ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡിഒപി – നീരവ് ഷാ, പ്രൊഡക്ഷൻ ഡിസൈൻ – മുത്തുരാജ്, പി ആർ ഒ – ശബരി