ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ രണ്ടാമത്തെ നാനോ സാറ്റലൈറ്റിന്റെ വിക്ഷേപണം വീണ്ടും മാറ്റി. ഏപ്രിൽ 11 ചൊവ്വാഴ്ച ആയിരുന്നു വിക്ഷേപണത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം അത് ഏപ്രിൽ 12 ബുധനാഴ്ചയിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ചയും പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ വിക്ഷേപണം ഏപ്രിൽ 14 വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇതാണ് മോശം കാലാവസ്ഥയെതുടർന്ന് വീണ്ടും മാറ്റിയത്. അടുത്ത വിക്ഷേപണ ശ്രമം ഏപ്രിൽ 15 ന് രാവിലെ 10.47 ന് ആയിരിക്കും.ദേവയുടെ രണ്ടാമത്തെ നാനോ ഉപഗ്രഹമായ സാറ്റ്-2 അവരുടെ സ്പേസ്-ഡി പ്രോഗ്രാമിന്റെ ഭാഗമാണ്. യുഎസിലെ കാലിഫോർണിയയിലെ വാൻഡൻബെർഗ് എയർഫോഴ്സ് ബേസിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ദേവ സാറ്റ്-2 വിക്ഷേപണം നടത്തുന്നത്.
2021ൽ ദേവ പ്രഖ്യാപിച്ച സ്പേസ് -ഡി പദ്ധതിയുടെ ഭാഗമായാണ് പുതിയ സാറ്റലൈറ്റ്വിക്ഷേപണം. ലിത്വാനിയയിലെ നാനോ ഏവിയോനിക്സിൻറെ സഹകരണത്തോടെ ദേവയുടെ ആർ ആൻഡ് ഡി സെൻററാണ് ഉപഗ്രഹം നിർമിച്ചത്. വൈദ്യുതി, ജലം തുടങ്ങിയ വിതരണം ചെയ്യുന്ന ദേവ ഉൾപെടെയുള്ള യൂട്ടിലിറ്റി സ്ഥാപനങ്ങൾക്ക്അടിസ്ഥാന സൗകര്യങ്ങൾ മാപ്പ് ചെയ്യാനും നിരീക്ഷിക്കാനും പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച് മനസിലാക്കാനും ഉപഗ്രഹം ഉപകരിക്കും.
ദേവയുടെ സർവീസുകളിലെ ജലചോർച്ച നിരീക്ഷിച്ച് കണ്ടെത്താനും ഇതിനാകും. വികസന പ്രവർത്തനങ്ങൾക്കായി ലോകത്ത് ആദ്യമായി നാനോ സാറ്റലൈറ്റ് വിക്ഷേപിച്ച യൂട്ടിലിറ്റി സ്ഥാപനം ദേവയാണ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ദേവ സാറ്റ്-1 വിക്ഷേപിച്ചത്. ഉയർന്ന മിഴിവുള്ള ക്യാമറ, ഏകദേശം 500 കിലോമീറ്റർ ഭ്രമണപഥത്തിൽ നിന്ന് 7 സ്പെക്ട്രൽ ബാൻഡുകളിൽ തുടർച്ചയായ ലൈൻ-സ്കാൻ ഇമേജിംഗ് നൽകുന്നു. ദേവ സാറ്റ്-2 ചിത്രങ്ങൾ – ദേവ സാറ്റ്-1-ൽ നിന്നുള്ള ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) അളവുകളുമായി സംയോജിപ്പിക്കുമ്പോൾ – വൈദ്യുതി ഉൽപാദനത്തിന്റെയും ജലശുദ്ധീകരണ പ്ലാന്റുകളുടെയും പ്രവർത്തന പ്രകടനം മെച്ചപ്പെടുത്താൻ അതോറിറ്റിയെ പ്രാപ്തമാക്കും.