ഒമാനിൽ തൊഴിലാളികളുടെ മിനിമം വേതനം 360-400 റിയാൽ വരെയാക്കി ഉയർത്തുന്നത് പരിഗണനയിലെന്ന് തൊഴിൽ മന്ത്രി പ്രഫ. മഹദ് അൽ ബവയ്ൻ. ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ ആരംഭിച്ച ‘ടുഗെദർ വി പ്രോഗ്രസ്’ ഫോറം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതു സംബന്ധിച്ചുള്ള നിർദ്ദേശം സർക്കാർ പഠിച്ചു വരികയാണ്. മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിലേക്ക് പ്രാരംഭ ഡ്രാഫ്റ്റ് അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസികൾക്ക് ജോലിയിൽ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസ്സിൽ നിന്നും ഉയർത്തിയത് രാജ്യത്തെ വ്യവസായ മേഖലക്ക് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം ഒമാനി പൗരന്മാർക്കും പ്രവാസികൾക്കും പൂർണ ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമാക്കുമെന്ന് ധനമന്ത്രാലയം സെക്രട്ടറി ജനറൽ നാസർ അൽ ജാഷ്മി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. മന്ത്രിസഭാ ജനറൽ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ടുഗെദർ വി പ്രോഗ്രസ്’ ഫോറം സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം നിർവഹിച്ചു. സർക്കാരും സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ‘ടുഗെദർ വി പ്രോഗ്രസ്’ ഫോറമെന്ന് മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഷെയ്ഖ് അൽ ഫദൽ ബിൻ മുഹമ്മദ് അൽ ഹാർത്തി പറഞ്ഞു.