കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങൾ സ്രാവിന്റെ വയറ്റിൽനിന്ന് കണ്ടെത്തി. ഫെബ്രുവരി 18ന് അർജന്റീനയുടെ തെക്കൻ തീരമായ ചുബുട് പ്രവിശ്യയിലൂടെ ബൈക്ക് ഓടിച്ചു പോകുന്നതിനിടെയാണ് ഡിയേഗോ ബാരിയയെന്ന 32കാരനെ കാണാതായത്. തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
അതേസമയം 10 ദിവസം കഴിഞ്ഞ് രണ്ട് മീൻപിടിത്തക്കാർക്ക് കടലിൽ നിന്നും മൂന്ന് സ്രാവിനെ കിട്ടി. ഇതിലൊന്നിനെ മുറിച്ചു നോക്കിയപ്പോഴാണ് സ്രാവിന്റെ വയറ്റിൽനിന്നും ഒരു മനുഷ്യന്റെ കൈ ലഭിച്ചത്. ഉടൻ തന്നെ ഇവർ കോസ്റ്റ് ഗാർഡിനെ വിവരമറിയിച്ചു. കാണാതായ ബാരിയയെ കണ്ടെത്തുന്നതിനായി അന്വേഷണത്തിന് നേതൃത്വം നൽകിയ ഡാനിയേല മില്ലട്രൂസ് ഇവിടെയെത്തി പരിശോധിച്ചു.
ഉദ്യോഗസ്ഥർ അറിയിച്ചതിനെതുടർന്ന് കുടുംബാംഗങ്ങൾ സ്ഥലത്തെത്തി. സ്രാവിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയ കയ്യിലുണ്ടായിരുന്ന ടാറ്റൂ ബാരിയയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇതിന് ശേഷമാണ് മരിച്ചത് ബാരിയ തന്നെയാണെന്ന് ഉറപ്പിച്ചത്. കൂടാതെ ഡിഎൻഎ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ബാരിയ തീരത്തുകൂടി സഞ്ചരിക്കുമ്പോൾ വലിയ തിരമാലകളുണ്ടായിരുന്നു. ഈ തിരയിലകപ്പെട്ട് കടലിലെത്തുകയും സ്രാവ് പിടികൂടുകയും ചെയ്തതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ വിലയിരുത്തുന്നത്.