കൊച്ചി: കളമശ്ശേരിയിലെ കണ്വൻഷൻ സെൻ്ററിൽ വൻ സ്ഫോടനം. ഒരു സ്ത്രീ മരിച്ചു. ഇരുപത്തിയഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കളമശ്ശേരി സാമ്രാ ഇൻ്റർനാഷണൽ കണ്വൻഷൻ സെൻ്റിൽ സ്ഫോടനമുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ യഹോവ സാക്ഷികളുടെ കണ്വവൻഷൻ നടന്നു വരികയായിരുന്നു. ഹാളിൽ്റെ മധ്യഭാഗത്ത് നിന്നായി മൂന്ന് സ്ഫോടനങ്ങളുണ്ടായി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആദ്യം ഒരു സ്ഫോടനമുണ്ടായി തുടർന്ന് രണ്ട് തവണ കൂടി സ്ഫോടനം ആവർത്തിച്ചു. ഷോർട്ട് സർക്ക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും പ്രശ്നം കാരണമാണോ സ്ഫോടനമുണ്ടായത് എന്ന് വ്യക്തമല്ല.
ഏതാണ്ട് രണ്ടായിരത്തോളം ആളുകൾ ഈ സമയത്ത് ഹാളിലുണ്ടായിരുന്നു. പരിക്കേറ്റ് കളമശ്ശേരി ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേർക്ക് സാരമായി പരിക്കുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച കണ്വൻഷൻ ഞായറാഴ്ച വൈകിട്ട് സമാപിക്കാനിരിക്കെയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിന് പിന്നാലെ അഗ്നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകളും പൊലീസും സ്ഥലത്ത് എത്തി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ യഹോവാ സാക്ഷികൾ പ്രതിനിധികളോ പൊലീസോ തയ്യാറായിട്ടില്ല. ആളുകളെ ഒഴിപ്പിച്ചതിന് പിന്നാലെ സ്ഫോടനം നടന്ന ഹാൾ പൊലീസ് സീൽ ചെയ്തു. സ്ഫോടനത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി ജാഗ്രതാ നിർദേശം നൽകി. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പൊലീസിൽ നിന്നും വിവരം തേടിയെന്നാണ് വിവരം.
കളമശ്ശേരി എംഎൽഎ കൂടിയായ മന്ത്രി പി.രാജീവ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥരും എൻഐഎ ഉദ്യോഗസ്ഥരും കളമശ്ശേരിയിലേക്ക് എത്തും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി നിർദേശിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർമാർ കൊച്ചിക്ക് തിരിച്ചു.