അബുദാബി: വളർത്തു മൃഗങ്ങളെ വിമാനത്തിൽ കൊണ്ടുപോകാനുള്ള ടിക്കറ്റ് നിരക്കു വർധിപ്പിച്ച് ഇത്തിഹാദ് എയർവേയ്സ്. 200ൽനിന്ന് 1500 ഡോളറാക്കിയാണ് (1.24 ലക്ഷം രൂപ) ഉയർത്തിയത്. ഈ മാസം 15ന് മുൻപ് വരെ ബുക്ക് ചെയ്ത് ടിക്കറ്റുകളെ ഇത് ബാധിക്കില്ല. 2021 നവംബർ മുതലാണ് വളർത്തു മൃഗങ്ങളെ യാത്രക്കാർക്കൊപ്പം കൂട്ടാനുള്ള അനുമതി നൽകിയത്.
വളർത്തുമൃഗങ്ങളെ കൊണ്ടുപോകുമ്പോൾ യാത്രക്കാർ എന്തൊക്കെ ശ്രദ്ധിക്കണം?
സീറ്റ് ബുക്ക് ചെയ്യണം
ചെറിയ ഇനത്തിൽപ്പെട്ട നായ, പൂച്ച എന്നിവയെ കൊണ്ടുപോകാനാണ് അനുമതിയുള്ളത്. ഇവയ്ക്ക് വേണ്ടി ഒരു ടിക്കറ്റ് ബുക്ക് ചെയ്യണം. ക്രേറ്റിലോ അല്ലാതെയോ സീറ്റിനടിയിൽ വെയ്ക്കാൻ അനുവാദമില്ല.
അനുമതിയില്ലാത്ത സ്ഥലങ്ങൾ
തിരുവനന്തപുരം, അഹമ്മദാബാദ്, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, ലണ്ടൻ, ഓസ്ട്രേലിയ, ചൈന, മാഞ്ചസ്റ്റർ, യുഎസ് എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ അനുവാദമില്ല.
അനുമതിയില്ലാത്ത ഇനങ്ങൾ
അപകടകാരികളായ പിറ്റ് ബുൾ, മാസ്റ്റിഫ് എന്നീ നായ്ക്കളെ വിമാനത്തിൽ അനുവദിക്കില്ല
മറ്റു നിബന്ധനകൾ
– പുറപ്പെടുന്നതും എത്തുന്നതുമായ രാജ്യത്തെ നിയമങ്ങൾ പാലിച്ചിരിക്കണം
– യാത്രയ്ക്കിടയിൽ നൽകാൻ മരുന്ന് ഉണ്ടെങ്കിൽ കയ്യിൽ കരുതണം.
– ഡ്രൈ ആയ ഭക്ഷണം അടച്ചുറപ്പുള്ള പാത്രത്തിൽ വേണം.
– യാത്രയിലുടനീളം വളർത്തുമൃഗം കൂട്ടിൽ തന്നെ ആയിരിക്കണം.
– കുറഞ്ഞത് 16 ആഴ്ച പ്രായമുണ്ടാകണം.
– 3 വശങ്ങളിലും വായു സഞ്ചാരമുള്ള, ചോർച്ചയില്ലാത്ത, അടച്ചുറപ്പുള്ള കൂടായിരിക്കണം.
– മൃഗത്തിൻ്റെ പേര്, ഇനം, ജനന തീയതി, മൈക്രോ ചിപ് നമ്പർ, ഹെൽത്ത് സർട്ടിഫിക്കറ്റ്, വാക്സീൻ സർട്ടിഫിക്കറ്റ് എന്നിവ കയ്യിൽ ഉണ്ടായിരിക്കണം.
– യാത്രയ്ക്ക് 10 ദിവസത്തിനകം മൃഗ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ഫിറ്റ് ടു ട്രാവൽ സർട്ടിഫിക്കറ്റ് വേണം.