നല്ല ജീവിതം സ്വപ്നം കണ്ട് സ്വന്തം നാട്ടിൽ നിന്നും പുറം രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ നിരവധിയാണ്. എന്നാൽ കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍ ഇവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കാറുണ്ട്. അത്തരത്തിൽ മാതാപിതാക്കൾക്ക് ജോലി നഷ്ട്ടപ്പെട്ടപ്പോൾ രാജ്യം വിടേണ്ടി വരുമെന്ന ഭയത്തിൽ യുഎസിലെ അര്‍ക്കന്‍സാസില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ തന്വി എന്ന പതിനാലുകാരിയായ ഇന്ത്യന്‍ വംശജയ്ക്കായി തിരച്ചിൽ തുടരുകയാണ്. യുഎസിലെ ടെക് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പവന് റോയ് മരുപ്പള്ളിയുടെയും ശ്രീദേവി ഇടരയുടെയും മകൾ ആണ് തൻവി. വർഷങ്ങളായി യു എസിൽ ജോലി ചെയ്യുകയാണെങ്കിലും കുടിയേറ്റ നിയമങ്ങൾ കാരണം ഇതുവരെ യു എസ് പൗരത്വം ലഭിച്ചിട്ടില്ല.
പവനൊപ്പം ശ്രീദേവിയുടെയും ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ശ്രീദേവി, ഒരു വര്‍ഷം കഴിഞ്ഞാണ് വീണ്ടും യുഎസില്‍ എത്തിയത്. ജനുവരി 17നാണ് തൻവി പഠിക്കുന്ന കോണ്‍വേ ജൂനിയര്‍ ഹൈസ്കൂളില്‍ നിന്ന് കാണാതായത്. തിരച്ചിലുകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൊലീസിന് തന്വിയെ കണ്ടെത്താനായിട്ടില്ല. മാതാപിതാക്കളുടെ ജോലി നഷ്ടമായ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരുമെന്ന ഭയം മൂലമാണ് തന്വി വീട് വീട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
സ്കൂളിന് സമീപത്തെ ബസ്റ്റ് സ്റ്റോപ്പിലുള്ള സിസിടിവിയിൽ തന്വിയെ കാണാതാവുന്നതിന് മുൻപുള്ള ദൃശ്യങ്ങളുണ്ട്. പര്‍പ്പിള്‍ നിറമുള്ള കോട്ടും പിങ്ക് പുള്ളോവറും നീല ജീവന്സുമാണ് പെൺകുട്ടി ധരിച്ചിരുന്നത്. വൈകുന്നേരം വീടിന് സമീപം സ്കൂള്‍ ബസ് നിര്‍ത്തിയപ്പോഴാണ് മകള്‍ ബസിലില്ലെന്ന് മാതാപിതാക്കൾ അറിഞ്ഞത്. ഉടൻ തന്നെ ഇവർ പൊലീസിനെ സമീപിച്ചു.
അതേസമയം കാണാതായ ദിവസം തന്വി സ്മാര്‍ട് വാച്ച് ധരിച്ചിരുന്നില്ല. അതിനാല്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യാന്‍ സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തന്വി മനപൂര്‍വം വീട് വിട്ടിറങ്ങാന്‍ പ്ലാന്‍ ചെയ്തതാണ് എന്ന് ഇതിലൂടെ വ്യക്തമാണെന്ന് കുടുംബം കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് താന്‍ പോകില്ലെന്നും യുഎസ് ആണ് തൻ്റെ രാജ്യമെന്നും തന്വി പറഞ്ഞിരുന്നതായി മാതാപിതാക്കൾ അറിയിച്ചു. തന്വിയെ കണ്ടെത്തുന്നവര്‍ 911 എന്ന നമ്പരില്‍ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.