മൂത്ര ശങ്ക വന്നാൽ പൊതു സ്ഥലങ്ങളിൽ മൂത്രമൊഴിക്കരുത് എന്ന ബോർഡു കണ്ടാൽ പോലും അത് ലംഘിക്കുന്ന പലരെയും കണ്ടിട്ടുണ്ടാവും. എന്നാൽ ഇനി മുതൽ തെരുവിൽ മൂത്രമൊഴിക്കുന്നത് നിരുത്സാഹപ്പെടുത്താൻ ലണ്ടൻ ഒരു നൂതനവിദ്യ പരിചയപ്പെടുത്തി. ഇവിടെ മൂത്രമൊഴിച്ചാൽ തിരിച്ചൊഴിക്കുന്ന ഒരു മതിലുണ്ട്. സെൻട്രൽ ലണ്ടൻ ജില്ലയിലെ വെസ്റ്റ്മിനിസ്റ്ററിലുള്ള സോഹോയിലാണ് മൂത്രമൊഴിച്ചാൽ തിരിച്ചൊഴിക്കുന്ന ഈ മതിലുള്ളത്. സുതാര്യമായ ഒരു പ്രതലമാണ് ഇത്തരത്തിൽ മൂത്രം തിരിച്ചുവരാൻ കാരണം. ഈ ജലപ്രതിരോധ പ്രതലത്തിലേക്ക് ഏത് തരത്തിലുള്ള ദ്രവരൂപം പതിച്ചാലും അത് തിരിച്ചുവരും.
നിരവധി ബാറുകളും റെസ്റ്റോറൻ്റുകളും തീയറ്ററുകളുമൊക്കെയുള്ള ഒരു വിനോദ കേന്ദ്രമാണ് സോഹോ നഗരം. അതുകൊണ്ട് തന്നെ പാർട്ടി കഴിഞ്ഞ് മദ്യപിച്ച് മടങ്ങുന്നവർ പലരും ഈ മതിലിലാണ് മൂത്രശങ്ക തീർക്കാറുള്ളത്. ഈ പ്രവർത്തി അവസാനിപ്പിക്കുകയാണ് അധികൃതരുടെ ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആളുകൾ സ്ഥിരമായി ഇങ്ങനെ ചെയ്യുന്ന മതിലുകളൊക്കെ ഇത്തരത്തിൽ സ്പെഷ്യൽ മതിലുകളാക്കി മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം നിരന്തരമായ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് വെസ്റ്റ്മിനിസ്റ്റർ സിറ്റി കൗൺസിൽ ഈ പുതിയ രീതി പരീക്ഷിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഇത്തരം മതിലുകളോട് ചേർന്ന് മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. സോഹോയിലെ 10 ഇടങ്ങളിൽ ഈ രീതി പരീക്ഷിച്ചിട്ടുണ്ട്. ഇത് വൻ വിജയമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.