കൊല്ലം: ഏകമകൾ കാമുകനൊപ്പം പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം പാവുമ്പ സ്വദേശിയും സൈനികനുമായ ഉണ്ണികൃഷ്ണ പിള്ള, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദമ്പതികളുടെ ഏക മകൾ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയത്.
മകൾ വീട് വിട്ടു പോയ ശേഷം ദമ്പതികൾ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇക്കാര്യം ബന്ധുക്കളോടും അവർ പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് ദമ്പതികളെ അമിതമായ അളവിൽ ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഇവരുടെ അടുത്ത ബന്ധു ഇരുവരേയും ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ വീട്ടിലെത്തി നോക്കിയപ്പോൾ ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇരുവരേയും ഉടനെ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച തന്നെ 47- കാരിയായ ബിന്ദു മരണപ്പെട്ടു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു ഉണ്ണികൃഷ്ണ പിള്ളയുടെ മരണം. 55 വയസ്സുള്ള ഉണ്ണികൃഷ്ണ പിള്ള വൃക്കരോഗി കൂടിയായിരുന്നു.
മകളുടെ പ്രണയം ദമ്പതികൾ ആദ്യമേ എതിർത്തിരുന്നു. എന്നാൽ ഇതുവകവയ്ക്കാതെ പെൺകുട്ടി കാമുകനൊപ്പം പോകുകയായിരുന്നു. മകളെ മൃതദേഹം കാണിക്കരുതെന്ന് ആത്മഹത്യാകുറിപ്പ് എഴുതിവച്ചതിന് ശേഷമാണ് ദമ്പതികൾ ജീവനൊടുക്കിയത്.