ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനിന് മുന്നിൽ ചാടി മലയാളി യുവാവിൻ്റെ ആത്മഹത്യ ശ്രമം. ഗ്രീൻ ലൈനിൽ സ്ഥിതി ചെയ്യുന്ന ജാലഹള്ളി മെട്രോ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് 7.12-നാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 23 വയസ്സുള്ള ഷാരോണ്‍ എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മെട്രോ അധികൃതർ പറഞ്ഞു.
മെട്രോ സ്റ്റേഷൻ്റെ അറ്റത്ത് നിന്ന യുവാവ് ട്രെയിൻ വന്നതോടെ ട്രാക്കിലേക്ക് ചാടുകയായിരുന്നു. യുവാവിനെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. വൈദ്യുതി ലൈനിലേക്ക് വീണ ഇയാൾക്ക് സാരമായി ഷോക്കേൽക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ബെംഗളൂരു മെട്രോ ജീവനക്കാർ ഇയാൾ ട്രാക്കിൽ നിന്നും മാറ്റി അടുത്തുള്ള യശ്വന്ത്പുര സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇയാളെ സപ്തഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് ഒന്നര മണിക്കൂറോളം ഗ്രീൻ ലൈനിൽ മെട്രോ സർവ്വീസ് നിർത്തിവച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള യുവാവിൻ്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ പറയുന്നു.