ഡൽഹി: കോൺഗ്രസിന് പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പ് നടപടി തുടങ്ങി. 11 കോടി രൂപ തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് സിപിഐ ആസ്ഥാനത്തേക്ക് നോട്ടീസ് അയച്ചത് എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാലഹരണപ്പെട്ട പാൻ കാർഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനും പാൻകാർഡ് തെറ്റായി രേഖപ്പെടുത്തിയതിനുമുള്ള പിഴയായിട്ടാണ് 11 കോടി അടയ്ക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
നോട്ടീസ് കിട്ടിയതായി സ്ഥിരീകരിച്ച ഒരു മുതിർന്ന സിപിഐ നേതാവ് ഇക്കാര്യത്തിൽ നിയമനടപടികൾ ആരംഭിച്ചെന്നും അഭിഭാഷകരുമായി ചർച്ചകൾ തുടങ്ങി കഴിഞ്ഞതായും വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.
നിലവിൽ ആദായ നികുതി വകുപ്പിന്റെ കുരുക്കിലാണ് കോൺഗ്രസും. പിഴയും പലിശയുമടക്കം 1700 കോടി രൂപ അടയ്ക്കാനാണ് ആദായ നികുതി വകുപ്പ് കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ അവതാളതിലായി നിൽക്കുന്ന കോൺഗ്രസിന് അടുത്ത ആഘാതമായാണ് ആദായ നികുതി വകുപ്പിൻറെ പുതിയ നോട്ടീസ്.
2017-18 സാമ്പത്തിക വർഷം മുതൽ 2020-21 സാമ്പത്തിക വർഷം വരെയുള്ള പിഴയും പലിശയുമടക്കം 1700 കോടി രൂപയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് ഇന്നലെ വൈകുന്നേരം നൽകിയിരിക്കുന്നത്. ഇതേ കാലയളവിലെ നികുതി പുനർ നിർണ്ണയിക്കാനുള്ള ആദായ നികുതി വകുപ്പിൻറെ നടപടിക്കെതിരെ നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി.
2014-15, 2016-17 സാമ്പത്തിക വർഷത്തെ നികുതി പുനർ നിർണ്ണയത്തിനെതിരെയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 2018-19 വർഷത്തെ നികുതി കുടിശികയായി കോൺഗ്രസിൻറെ അക്കൗണ്ടിൽ നിന്ന് 135 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.