കൊച്ചി: കേരളത്തെ ഞെട്ടിച്ച് ആലുവയിൽ വീണ്ടും കുട്ടിയെ പീഡിപ്പിച്ചു. ആലുവ ചാത്തൻപുറത്ത് എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ എട്ട് വയസ്സുകാരിയെ ആണ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം വയലിൽ ഉപേക്ഷിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ കയറിയ പ്രതിയെ എടുത്തു കൊണ്ടു പോകുകയായിരുന്നുവെന്നാണ് വിവരം. ഉറങ്ങി കിടക്കുകയായിരുന്ന മാതാപിതാക്കൾ ഇക്കാര്യം അറിഞ്ഞില്ല. രാത്രിയിൽ കുട്ടിയുടെ കരച്ചിൽ കേട്ട പ്രദേശവാസികളാണ് നഗ്നയായ നിലയിൽ പാടത്ത് നിന്നും നടന്നു വരുന്ന കുഞ്ഞിനെ കണ്ടെത്തിയത്. ക്രൂരപീഡനത്തെ തുടർന്ന് രക്തം വാർന്ന നിലയിലായിരുന്നു കുഞ്ഞ്. കുട്ടിയെ രാത്രിയോടെ പൊലീസ് എത്തി കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കുട്ടിയുടെ കുടുംബം ബിഹാർ സ്വദേശികളാണ്. ഇന്നലെ രാത്രി കുട്ടിയുടെ പിതാവ് തിരുവനന്തപുരത്തേക്ക് പോയിരുന്നു. ഭാര്യയും മൂന്ന് മക്കളും മാത്രമാണ് പിന്നെ വീട്ടിലുണ്ടായിരുന്നത്. ജനൽ വഴി വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച പ്രതി ഉറങ്ങി കിടന്ന കുട്ടിയുമായി പുറത്തിറങ്ങിയ ശേഷം വാതിലടച്ച് പുറത്തേക്ക് പോകുകയായിരുന്നു.
കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ എസ്.പി അറിയിച്ചു. ആലുവ റെയിൽവേ സ്റ്റേഷന് പരിസരത്ത് ചുറ്റിതിരിഞ്ഞു നടക്കുന്ന ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നാണ് വിവരം. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.