റിയാദ്: സൗദിയിൽ വച്ച് കവർച്ചക്കാരുടെ കുത്തേറ്റ് മരിച്ച തൃശ്ശൂർ സ്വദേശിയുടെ മയ്യത്ത് ഇന്ന് ഖബറടക്കും. തൃശ്ശൂർ പെരിങ്ങോട്ടുകര കാരിപ്പംകുളം അഷ്റഫിൻ്റെ ഖബറടക്കമാണ് റിയാദിൽ നടക്കുക. അസർ നിസ്കാരത്തിന് ശേഷം എക്സിറ്റ് 15-ലുള്ള അൽ റാജി മജിദിൽ വച്ച് മയത്ത് നിസ്കാരം നടത്തിയ ശേഷം നസീമിലെ ഖബർസ്ഥാനിലാണ് ഖബറടക്കം നടക്കുകയെന്ന് നിയമനടപടികൾ പൂർത്തിയാക്കിയ ഐ.സി.എഫ് സ്വാന്തനം വിംഗ് അറിയിച്ചു.
ഇക്കഴിഞ്ഞ ജൂൺ 13-നാണ് റിയാദ് എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ അഷ്റഫിന് നേരെ മോഷണശ്രമമുണ്ടായത്. കവർച്ചക്കാരെ ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് അഷ്റഫിന് കുത്തേറ്റത്. സ്വദേശി പൗരൻ്റെ സഹായത്തോടെ അദ്ദേഹത്തെ ജർമ്മൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടു. സൗദി പൗരൻ്റെ വീട്ടിൽ ഹൗസ് ഡ‍്രൈവറായി ജോലി ചെയ്യുകയായിരുന്നു അഷ്റഫ്. ഐസിഎഫ് ഉമ്മുൽ ഹമാം സെക്ടർ അംഗം കൂടിയായിരുന്നു അദ്ദേഹം.