വയറുവേദനയുമായി ആശുപത്രിയിലെത്തിയ നാലുവയസുകാരി യുടെ വയറ്റിനുള്ളില്‍ നിന്ന് 61 മാഗ്നറ്റിക് മുത്തുകളാണ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. ചികിത്സിച്ച ഡോക്ടർമാർ ശരിക്കും ഞെട്ടി. ഇത് മാത്രമല്ല വയറിലെ ഒരു ഡസനിലധികം ദ്വാരങ്ങളും ഡോക്ടര്‍മാര്‍ അടച്ചു. മുത്തുകള്‍ കുട്ടിയുടെ കുടലിന്റെ ഭിത്തിയില്‍ ഒട്ടിപ്പിച്ച നിലയിലായിരുന്നുവെന്നാണ് ചികിൽസിച്ച ഡോക്ടർമാർ പറയുന്നത്. കഴിഞ്ഞ ഒരു മാസമായി പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൂ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ എക്സ്-റേ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മുത്തുകൾ പുറത്തെടുത്തു.
നടത്തിയ ചികിത്സകളൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ശസ്ത്രക്രിയ ചെയ്തതെന്ന് ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഡോ ചെന്‍ ക്വിംഗ്ജിയാങ് പറഞ്ഞു. പെണ്‍കുട്ടി വിഴുങ്ങിയ മാഗ്നറ്റിക് മുത്തുകള്‍ കുട്ടിയുടെ കുടലിന്റെ ഭാഗങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. ഇവ വയറിനുള്ളിൽ സുഷിരങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഇത്തരത്തില്‍ 14 ദ്വാരങ്ങളാണ് പെണ്‍കുട്ടിയുടെ കുടലില്‍ കണ്ടെത്തിയതെന്ന് ഡോ. ക്വിംഗ്ജിയാങ് പറയുന്നു.
കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. എന്നാല്‍ ഭാവിയില്‍ കുടലില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇത്തരത്തിൽ കുട്ടികള്‍ മുത്ത് വിഴുങ്ങിയ സംഭവങ്ങൾ നിരവധിയുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ഇത്തരത്തിലുള്ള 87 കേസുകള്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡോ.ക്വിംഗ്ജിയാങ് പറയുന്നു.