2023ലെ സ്കൈട്രാക്സ് ലോക എയര്‍ലൈന്‍ അവാര്‍ഡ്സിലെ നാല് പുരക്സാരങ്ങള്‍ സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ്സ്. മിഡില്‍ ഈസ്റ്റിലെ ബെസ്റ്റ് എയര്‍ലൈന്‍ പുരസ്കാരം ഉള്‍പ്പെടെ നാല് പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കിയത്.
മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്, ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിംഗ് എന്നീ പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്സിന് ലഭിച്ചത്.
പത്താം തവണയാണ് ലോകത്തെ മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരം ഖത്തര്‍ എയര്‍വേയ്സിന് ലഭിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍ എന്ന പുരസ്കാരം 11 ആം തവണയുമാണ് ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കുന്നത്.
ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇ അക്ബര്‍ അല്‍ ബേക്കര്‍, ഹമദ് വിമാനത്താവളം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഹമദ് വിമാനത്താവളത്തിലെ ഖത്തര്‍ എയര്‍വേയ്സിന്റെ അല്‍ മൗര്‍ജന്‍ ലോഞ്ചിനാണ് ലോകത്തെ മികച്ച ബിസിനസ് ക്ലാസ് ലോഞ്ചിനുള്ള പുരസ്കാരം ലഭിച്ചത്. ലോകത്തെ മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിംഗിനുള്ള പുരസ്കാരവും ലഭിച്ചത് അല്‍ മൗര്‍ജന്‍ ലോഞ്ചിനാണ്.