തിരുവനന്തപുരം: തിരുവനന്തപുരമടക്കം ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളതെന്നാണ് പ്രവചനം.
കേരളത്തിൽ ഒക്ടോബറിൽ തുലാവർഷം കാര്യമായി ലഭിച്ചിരുന്നില്ല നവംബർ മാസത്തിൽ തുലാവർഷം കനത്തേക്കുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിലും തുലാവർഷം തീവ്രമായേക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നൽകിയത്. മൂന്ന് ചക്രവാതച്ചുഴികളുടെ സാന്നിധ്യം കാരണം കേരളത്തിൽ മഴ ശക്തമാകുമെന്നാണ് പ്രവചനം.
മന്നാർ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ അറബിക്കടലിൻറെ മധ്യഭാഗത്തായും ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 05,08,09 തീയതികളിൽ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
പുതുക്കിയ മഴ സാധ്യത പ്രവചനം
05/11/2024: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്
08/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
09/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.