2029ലെ ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യയുടെ നിയോം സ്മാർട്ട് സിറ്റി ആതിഥേയത്വം വഹിക്കും. സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 500 ബില്യൺ ഡോളറിന്റെ നിയോം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ ആസൂത്രിത മൗണ്ടൻ റിസോർട്ടിലാണ് ഗെയിംസിന് നടക്കുക. 32ലധികം രാജ്യങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യത്തെ രാജ്യമായി സൗദി മാറും.
കംബോഡിയയിൽ വെച്ച് നടന്ന ഒളിമ്പിക് കൗൺസിൽ എക്സിക്യൂട്ടീവ് ബോർഡ് ജനറൽ അസംബ്ലി യോഗത്തിലാണ് സൗദിക്ക് അനുകൂലമായ തീരുമാനമെടുത്തത്. 2029 ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥ്യം വഹിക്കാൻ താൽപര്യമറിയിച്ച് സൗദി ആഗസ്റ്റിലാണ് ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യക്ക് കത്തയച്ചത്.
ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയിലെ അംഗങ്ങൾക്കായി 4 വർഷത്തിലൊരിക്കൽ നടത്തുന്ന രാജ്യാന്തര മൾട്ടി സ്പോർട്സ് മത്സരമാണ് ഏഷ്യൻ വിന്റർ ഗെയിംസ്. ശൈത്യകാല പരിപാടികൾ ഉൾപ്പെടുത്തിയുള്ള ഗെയിംസിന് കഴിഞ്ഞ തവണ ജപ്പാനിലെ സപ്പൊറോ ആയിരുന്നു വേദി. അടുത്ത എഡിഷൻ 2025-ൽ ദക്ഷിണ കൊറിയയിലെ ഗാങ്വോണിൽ നടക്കും.