ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കറാച്ചി തുറമുഖം യുഎഇയ്ക്ക് കൈമാറാനൊരുങ്ങി പാകിസ്ഥാൻ. പാക്കിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് കമ്മിറ്റി കറാച്ചി പോർട്ട് ട്രസ്റ്റും യുഎഇ സർക്കാരും തമ്മിലുള്ള കരാർ തയ്യാറാക്കാൻ പ്രത്യേക സമിതിയെ രൂപീകരിച്ചെന്ന് പാക്കിസ്ഥാൻ മാധ്യമമായ എക്സ്പ്രസ് ട്രൈബ്യൂണ്‍ പത്രം റിപ്പോർട്ട് ചെയ്യുന്നു.
കറാച്ചി തുറമുഖം ഏറ്റെടുക്കാനുള്ള താത്പര്യം യുഎഇ അറിയിച്ചതോടെയാണ് ഈ ദിശയിലുള്ള ചർച്ചകളിലേക്ക് പാക്കിസ്ഥാൻ അതിവേഗം കടന്നത്. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ സർക്കാർ സ്ഥാപനങ്ങളെ വിറ്റൊഴിച്ച് പണം കണ്ടെത്താനായി ഇൻ്റ്ർ ഗവർണ്മെന്റൽ കോമേഴ്സ്യൽ ട്രാൻസാക്ഷൻസ് ആക്ട് എന്ന പ്രത്യേക നിയമം സർക്കാർ കഴിഞ്ഞ വർഷം കൊണ്ടു വന്നിരുന്നു. ഈ ചട്ടം അനുസരിച്ചുള്ള ആദ്യ ഇടപാടാവും കറാച്ചി തുറമുഖത്തിൻ്റെ വിൽപന.
ഐഎംഎഫിൽ നിന്നുള്ള 6.5 ബില്ല്യൺ ഡോളറിൻ്റെ വായ്പാ പദ്ധതിയിൽ ബാക്കിയുള്ള തുക അനുവദിച്ച് കിട്ടാത്തതാണ് പാക്കിസ്ഥാൻ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 2019-ലാണ് ഈ പാക്കേജിനായി ഐഎംഎഫും പാക്കിസ്ഥാനും കരാർ ഒപ്പിട്ടത്. ഇതിൻ്റെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കും. 2.6 ബില്ല്യണ്‍ ഡോളറാണ് ഇനി പാക്കിസ്ഥാൻ വായ്പാ ഇനത്തിൽ കിട്ടാൻ ബാക്കിയുള്ളത് ഇതിൽ 1.2 ബില്ല്യണെങ്കിലും നേടിയെടുക്കാനുള്ള കഠിനശ്രമത്തിലാണ് പാക്കിസ്ഥാൻ.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തിങ്കളാഴ്ച യുഎസ്എ, യു.കെ, ഫ്രാൻസ്, ജർമനി, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ചൈന, സൌദി അറേബ്യ, ഖത്തർ, യുഎഇ രാജ്യങ്ങളുടെ അംബാസിഡർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഐഎംഎഫ് വായ്പ അനുവദിച്ച് കിട്ടേണ്ടതിൻ്റെ ആവശ്യകത പാക് പ്രധാനമന്ത്രി അംബാസിഡർമാരെ അറിയിച്ചതായാണ് സൂചന. എന്നാൽ ഈ കൂടിക്കാഴ്ചയെ കുറിച്ച് പാക് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.