വത്തിക്കാൻ: കാലം ചെയ്ത കത്തോലിക്ക സഭാ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് ഇന്ത്യൻ സമയം രാത്രി 11.30 -ന് വത്തിക്കാനിൽ നടക്കും. വത്തിക്കാൻ്റെ നിലവിലെ ആക്ടിങ് ഹെഡ് കർദിനാൾ കെവിൻ ഫാരലിൻ്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ. തുടർന്ന് പ്രത്യേകം സജ്ജീകരിച്ച മൃതദേഹ പേടകത്തിലേക്ക് പോപ്പിനെ മാറ്റും. മാർപാപ്പയുടെ വസതിയായ സാന്ത മാർത്ത ചാപ്പലിലാണ് ചടങ്ങുകൾ നടക്കുക. വത്തിക്കാനിലെ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരും പോപിൻ്റെ കുടുംബാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുക്കും.
അതീവ സ്വകാര്യമായ ഒരു ചടങ്ങാണിത്. മരണം സ്ഥിരീകരിക്കുന്ന ചടങ്ങിൽ മാർപാപ്പയുടെ മാമ്മോദീസ പേര് വത്തിക്കാൻ്റെ ആക്ടിങ് ഹെഡായ കർദിനാൾ കെവിൻ ഫാരൽ മൂന്ന് തവണ വിളിക്കും. പ്രതികരിക്കാതിരുന്നാൽ മരിച്ചതായി സ്ഥിരീകരിക്കുമെന്നതാണ് റോമൻ പാരമ്പര്യം. മരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ മൃതശരീരത്തിൽ നിന്ന് ഫിഷർമെൻസ് മോതിരവും സീലും നീക്കം ചെയ്യും. ഇതിലൂടെ ഔദ്യോഗികമായി ഫ്രാൻസിസ് മാർപാപ്പയുടെ ഭരണം അവസാനിക്കും.
ഏപ്രിൽ 23 ബുധനാഴ്ച രാവിലെയോടെ പോപ്പിൻ്റെ മൃതദേഹം സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് എത്തിക്കും എന്നാണ് ഇപ്പോൾ വത്തിക്കാൻ അറിയിക്കുന്നത്. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യൻ പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മാർപാപ്പമാരെ അടക്കം ചെയ്യാറുള്ളത്. എന്നാൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വത്തിക്കാന് പുറത്ത് അടക്കം ചെയ്യപ്പെടുന്ന ആദ്യ മാർപാപ്പയാവും പോപ്പ് ഫ്രാൻസിസ് അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലാണ് അന്ത്യവിശ്രമത്തിന് സൌകര്യമൊരുക്കുന്നത്.