ദില്ലി: ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി)യെ നേരിടാൻ രാജ്യം സുസജ്ജമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐഎംസിആർ). നിലവിൽ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ച ആർക്കും അന്താരാഷ്ട്ര യാത്രാ പശ്ചാത്തലം ഇല്ലെന്നും ഐസിഎംആർ വ്യക്തമാക്കി.
നിലവിലെ വിവരമനുസരിച്ച് രാജ്യത്ത് ഇൻഫ്ലുവൻസ, കടുത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങൾ (Severe Acute Respiratory Illness (SARI)) എന്നിവയിലൊന്നും അസാധാരണമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐസിഎംആർ പ്രസ്താവനയിലൂടെ പറഞ്ഞു. അതേസമയം ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) വൈറസ് ബാധ ഇന്ത്യയെ ഗുരുതരമായി ബാധിക്കുന്ന ഒരു മഹാമാരിയായി മാറില്ലെന്നാണ് രാജ്യത്തെ പ്രമുഖ ഡോക്ടർമാരുടെയെല്ലാം അഭിപ്രായം.
എച്ച്എംപിവി ഒരു പുതിയ വൈറസല്ലെന്നും 2001 -ൽ ആദ്യമായി കണ്ടെത്തിയത് മുതൽ ഈ രോഗം എല്ലായിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നുംഅഹമ്മദാബാദിലെ ഷാൽബി ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ക്രിട്ടിക്കൽ കെയർ ഡോക്ടർ മിനേഷ് മേത്ത ചൂണ്ടിക്കാട്ടുന്നു.
“പലരും അറിയാതെ തന്നെ ചിലപ്പോൾ എച്ച്.എം.വി.പി ബാധിതരായിരിക്കാൻ സാധ്യതയുണ്ട്. ഒരു തവണ വന്നവർക്ക് തന്നെ വീണ്ടും രോഗം വരാനും സാധ്യതയുണ്ട്. എന്നാലും മുൻപ് രോഗബാധയുണ്ടായവർക്ക് അതിൽ നിന്നും തന്നെ രോഗപ്രതിരോധ ശേഷിയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇവരിൽ രോഗതീവ്രത കുറവായിരിക്കും. അതിനാൽ തന്നെ കൊവിഡ് പോലെ മറ്റൊരു മഹാമാരിയായി എച്ച്.എം.പി.വി വൈറസ് ബാധ മാറാൻ സാധ്യതയില്ല. തീർത്തും പുതിയൊരു വൈറസായിരുന്നു എന്നതാണ് കൊവിഡിനെ നേരിടുന്നതിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച കാര്യം എന്നാൽ എച്ച്.എം.വി.പി വൈറസിനെ 24 വർഷമായി നമ്മുക്കറിയാം. പ്രധാനമായും രോഗബാധിതരായ ആളുകളുമായോ മലിനമായ പ്രതലങ്ങളുമായോ അടുത്തിടപഴകുന്നതിലൂടെയാണ് HMPV പടരുന്നത്. എങ്കിലും കൊവിഡിനേക്കാൾ വ്യാപനശേഷി കുറഞ്ഞ വൈറസാണ്. അതിനാൽ അതിവേഗം വൈറസ് ബാധ പടരില്ല.
ദുർബലരായ ആളുകളിൽ എച്ച്എംപിവി ഗുരുതരമായ ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുമെങ്കിലും, ഗുരുതരമായ കോവിഡ് -19 കേസുകളിൽ കാണുന്ന ഉയർന്ന മരണനിരക്ക് ഈ വൈറസിനില്ല. ബഹുഭൂരിപക്ഷം വൈറസ് ബാധകളും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ കടന്നു പോകും എന്നതിനാൽ രോഗികളെ കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാവില്ല. വൈറസിന് മാത്രമായി പ്രത്യേക ചികിത്സയോ വാക്സിനോ നിലവിൽ ഇല്ല വൈറസ് ബാധ മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങളുടെ തീവ്രത പരിശോധിച്ചാണ് നിലവിൽ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുന്നത്.
“ദുർബലമായ പ്രതിരോധശേഷിയുള്ള ഒരാളെ ബാധിക്കുമ്പോൾ മാത്രമേ എച്ച്എംപിവി ഗുരുതരമാകൂ. എച്ച്എംപിവി അണുബാധയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാഹചര്യം നിരീക്ഷിക്കേണ്ടതുണ്ട്. ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളിൽ കാര്യമായ വർധനയില്ല എന്ന് സർക്കാർ വ്യക്തമാക്കിയത് ആശ്വാസകരമായ കാര്യമാണ് പഞ്ചാബി ബാഗിലെ സികെ ബിർള ഹോസ്പിറ്റലിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ പൾമണോളജിസ്റ്റ് ഡോ വികാസ് മിത്തൽ വിശദീകരിച്ചു,
എച്ച്എംപിവിയെ ഒരു മഹാമാരിയായി ഈ ഘട്ടത്തിൽ പരിഗണിക്കാനാവില്ലെന്നാണ് ബെംഗളൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ ഇൻ്റർവെൻഷണൽ പൾമണോളജി ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് വിഭാഗം മേധാവിയും ലീഡ് കൺസൾട്ടൻ്റുമായ ഡോ.ശ്രീവത്സ ലോകേശ്വരൻ പറഞ്ഞു. “ഈ വൈറസ് വളരെക്കാലമായി കമ്മ്യൂണിറ്റിയിൽ ഉണ്ട്, കൂടാതെ RSV യുമായി അടുത്ത ബന്ധമുണ്ട്, ഇത് പ്രാഥമികമായി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും 65 വയസ്സിന് മുകളിലുള്ള മുതിർന്നവരെയുമാണ് ഗുരുതരമായി ബാധിച്ചു കാണുന്നത്. ചൈനയിലെ ഒരു പ്രത്യേക പ്രദേശത്ത് രൂക്ഷമായ രീതിയിൽ വൈറസ് ബാധയുണ്ടായെങ്കിലും അതിനപ്പുറേത്തക്കൊരു വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധിക്കണം. അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എച്ച്എംപിവി സാധാരണ ജലദോഷ വൈറസുകളോട് സാമ്യമുള്ളതാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ അതുൽ ഗോയൽ നേരത്തെ പറഞ്ഞിരുന്നു. ശൈത്യകാല രോഗമായിട്ടാണ് ഈ വൈറസ് ബാധയെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എച്ച് എം പി വിയുടെ പ്രധാന ലക്ഷണങ്ങൾ
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി . ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.
ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി ) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
ചില കേസുകളിൽ, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.
കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ 10% മുതൽ 12% വരെ എച്ച്എംപിവി മൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു. 5% മുതൽ 16% വരെ കുട്ടികളിൽ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘുലേഖ അണുബാധ ഉണ്ടാകാം. എച്ച്എംപിവി ഉള്ളവരുമായി നേരിട്ടുള്ള സമ്ബർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയോ രോഗം പടരുന്നു.