ഗസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ 1000 കുട്ടികളെ യുഎഇയില്‍ കൊണ്ട് വന്ന് ചികിത്സിക്കുമെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായീദ് അല്‍ നഹ്യാന്‍. കുട്ടികളെ അവരുടെ കുടുംബത്തോടൊപ്പമായിരിക്കും യുഎഇയിലെത്തിക്കുക.
യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി പ്രസിഡന്റ് മിര്‍ജാന സ്‌പോല്‍ജാറികുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ചികിത്സാപദ്ധതി പ്രഖ്യാപിച്ചത്. ഗസയിലെ ജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇവര്‍ സംസാരിച്ചു.
ഗസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ക്ക് ചികിത്സ ആവശ്യമാണ്. ഗസയിലെ നിരപരാധികളായ ജനങ്ങളെ സംരക്ഷിക്കുന്നതിന് യുഎഇയും വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വെടി നിര്‍ത്തേണ്ട ആവശ്യമില്ലെന്ന നിലപാടില്‍ അമേരിക്കക്കൊപ്പം ഉറച്ച് നില്‍ക്കുകയായിരുന്നു ഇസ്രയേല്‍. കഴിഞ്ഞ ദിവസം ജബലിയ ക്യാംപില്‍ ആക്രമണം നടത്തിയ ഇസ്രയേല്‍ സൈന്യം നിരവധി പലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. പലസ്തീനില്‍ ഇതിനോടകം മരണ സംഖ്യ ഒന്‍പതിനായിരത്തോട് അടുത്തിട്ടുണ്ട്.
റഫ അതിര്‍ത്തിവഴി ഗസയില്‍ കൂടുതല്‍ സഹയം എത്തിക്കും. റഫ അതിര്‍ത്തി വഴി പരിക്കേറ്റ ഇരട്ട പൗരത്വമുള്ള പലസ്തീനികളെ ഈജിപ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗസയില്‍ നിരവധി ആശുപത്രികള്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ് ഉള്ളത്.