22 വര്‍ഷത്തിനുശേഷമുള്ള കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷത്തോടെയാണു മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തിറങ്ങിയത്. ഖാര്‍ഗെയുടെ പത്രികയില്‍ എ കെ ആന്റണി ആദ്യം ഒപ്പു ചാര്‍ത്തിയതോടെ ഹൈക്കമാൻഡിന്റെ പിന്തുണ വ്യക്തമായി. ഏഴ് തവണ മന്ത്രിയായും പത്ത് തവണ നിയമസഭാംഗവും രണ്ട് തവണ ലോക്സഭാംഗവുമായ മല്ലികാര്‍ജുന്‍ ഖാർഗെ പാര്‍ട്ടിയുടെ അമരത്ത് എത്തുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. ഇല്ലാതായതും തകർന്നുകൊണ്ടിരിക്കുന്നതുമായ ഒരു പ്രസ്ഥാനത്തെയാണ് പഴയ പ്രതാപകാലത്തേക്ക് കൈപിടിച്ച് ഉയർത്തേണ്ടത്. അടിത്തറ ആദ്യം മുതലേ കെട്ടിപ്പടുത്ത് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ അധികാരം വീണ്ടെടുക്കുക എന്ന സ്വപ്നം പ്രവർത്തകർക്ക് മുമ്പിൽ അവതരിപ്പിച്ചാവും ഖാർഗെ തുടങ്ങുക.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിക്കും നന്മക്കും വേണ്ടിയാണ് താന്‍ മത്സരത്തിനിറങ്ങിയതെന്നും പാര്‍ട്ടിയുടെ ഭാവി വോട്ട് ചെയ്യുന്ന പ്രവര്‍ത്തകരുടെ കയ്യിലാണെന്നും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെയും ബിജെപിയെയും നേരിടാന്‍ പുതിയൊരു ഊര്‍ജം ആവശ്യമാണെന്നും വോട്ടെടുപ്പു ദിവസവും തരൂര്‍ പറഞ്ഞിരുന്നു. ഖാര്‍ഗെ ജയിച്ചാല്‍ പാര്‍ട്ടിക്കു ഭാവിയില്ലെന്ന അര്‍ഥം അതിനുണ്ട് എന്നും വ്യാഖ്യാനിക്കപ്പെട്ടു. തരൂരിന്റെ വീക്ഷണം ശരിയാണെങ്കിൽ കോൺഗ്രസിൽ പ്രത്യേകിച്ചൊരു മാറ്റം സൃഷ്ടിക്കാൻ ഖാർഗയെകൊണ്ട് ആവില്ല എന്നാണ്.
നെഹ്റു കുടുംബം പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണെങ്കിലും എല്ലാ തീരുമാനവും ഒരേ കേന്ദ്രത്തില്‍നിന്നല്ല എടുക്കേണ്ടതെന്ന തരൂരിന്റെ പ്രധാന പ്രചാരണ വാക്യത്തിനു പാര്‍ട്ടിയില്‍ അംഗീകാരം ലഭിച്ചില്ല എന്നതു പ്രധാനമാണ്. താന്‍ മാറ്റത്തിന്റെ സ്ഥാനാര്‍ത്ഥിയാണെന്നും പാര്‍ട്ടിയില്‍ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു. ഇത് യുവാക്കളെ തന്നോടൊപ്പം കൂട്ടാൻ സഹായിച്ചു. മാറുന്ന ഇന്ത്യക്ക് കാളവണ്ടി യുഗത്തിലുള്ളവരുടെ നേതൃത്വം എത്രത്തോളം ഗുണകരമായിരിക്കുമെന്നതും ചിന്തിക്കേണ്ടതാണ്. പാർട്ടിയുടെ പിന്തുണയോടെ ജയിച്ച ഖാർഗെക്ക് മറ്റ് നേതാക്കളെ ഇണക്കിയും പിണക്കിയും വിപ്ലവം ഉണ്ടാക്കാൻ സാധിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. തരൂർ ഉയർത്തിയ ആശയം പുതിയ തലമുറയിൽ ഊന്നിയുള്ളതായിരുന്നു. അതിന് യുവാക്കളുടെ പിൻബലവുമുണ്ടായിരുന്നു. രാജ്യ പുരോഗതിക്ക് വേണ്ടത് ആ മാറ്റം ആയിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകകരുടെ വിലയിരുത്തൽ.
ശശി തരൂർ മത്സര രംഗത്ത് ഉണ്ടായിരുന്നതുകൊണ്ട് തന്നെ ജനാധിപത്യ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസിന് അവകാശപ്പെടാം. ആയിരം വോട്ടുകൾ നേടാനായി എന്നതും വലിയ മാറ്റമാണ്. അതിനാൽ തന്നെ കോൺഗ്രസിൽ തരൂരിന് വ്യക്തമായ സ്ഥാനമുണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ്. കൂടാതെ ഒരു പാൻ ഇന്ത്യൻ പരിവേഷവും തരൂരിന് ലഭിച്ചു. രാജ്യത്ത് മാറ്റം ആഗ്രഹിക്കുന്നവരുടെ പിന്തുണയായിരുന്നു തരൂരിന്റെ വോട്ടുകൾ. അതേസമയം യുവാക്കള്‍ തന്നോടൊപ്പമുണ്ട് എന്ന പ്രതീക്ഷയിലാണു തരൂര്‍ മുന്നോട്ടു പോയത്. എന്നാൽ ഈ പ്രഖ്യാപനത്തെ വിഭാഗീയതയായി ഭാവിയില്‍ വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട്.
ഇന്ത്യയിലെ ഭരണകക്ഷിയിലടക്കമുള്ള മറ്റ് പ്രമുഖ പാർട്ടികൾ ആരോപിക്കുന്ന കുടുംബവാഴ്ചയ്ക്ക് കൂടി അന്ത്യമാകുമ്പോൾ ഈ തെരഞ്ഞെടുപ്പ് രാജ്യം മുഴുവൻ ശ്രദ്ധിക്കാൻ കാരണം ശശി തരൂരാണ്. Think tomorrow, Think Tharoor എന്ന ക്യാംപെയിൻ ആണ്. ഖാർഗെ വിജയിച്ചെങ്കിലും നടന്നത് തെരഞ്ഞെടുപ്പ് യഥാർത്ഥമെന്ന് തെളിയിക്കാൻ കോൺഗ്രസിന് സാധിക്കുകയും ചെയ്തു. ജയിച്ചാലും തോറ്റാലും ജനാധിപത്യം രണ്ടോ മൂന്നോ നേതാക്കളിൽ ഒതുങ്ങുന്ന പാർട്ടികൾക്കിടയിൽ കോൺഗ്രസിനെ വീണ്ടും മുന്നിലെത്തിക്കാനും ഈ തെരഞ്ഞെടുപ്പ് കൊണ്ട് കോൺഗ്രസിന് സാധിച്ചതിൽ തരൂർ വഹിച്ച പങ്ക് വലുതാണ്.
രാഹുൽ ഗാന്ധിയും സോണിയയും വേണ്ടെന്നുവെച്ച ഉത്തരവാദിത്വം നിറവേറ്റാൻ എൺപതുകാരനായ ഖാർഗെയുടെ നേതൃപാഠവത്തിനാവും എന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. പാർട്ടി വിട്ട് പോയ മുതിർന്ന നേതാക്കളെ ചേർത്തുനിർത്തുമോ എന്നതും നോക്കി കാണേണ്ടതാണ്. കൂടാതെ വർഗീയ അജണ്ട മുൻനിർത്തിയുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളെ പൊളിക്കാനുള്ള ആയുധവും കോൺഗ്രസിന് വേണ്ടതുണ്ട്. ഇടതുപക്ഷ മതനിരപേക്ഷ മുന്നണിയോടുള്ള കോൺഗ്രസിന്റെ സമീപനമാവും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർണായകമാവുക. ആ നിലപാട് എന്തെന്നതും പ്രധാനമാണ്. പുതിയ അധ്യക്ഷനാണ് പാർട്ടിയിൽ തന്റെ റോൾ നിശ്ചയിക്കേണ്ടതെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രാധാന്യം ഉറപ്പിക്കേണ്ടത് ഖാർഗെയുടെ ഉത്തരവാദിത്വങ്ങളിൽ ഒന്നായിരിക്കും. ഈ നിലയ്ക്ക് ഖാർഗെയുടെ അനുഭവസമ്പത്തും നിലപാടുകളും കോൺഗ്രസിന് പുത്തനുണർവ് ആകുമെന്ന് പ്രതീക്ഷിക്കാം.