തിരുവനന്തപുരം: ഈരാറ്റുപേട്ടയിൽ സ്കൂൾ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ തൻറെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈരാറ്റുപേട്ട വിഷയത്തിൽ താൻ പറഞ്ഞതിൽ മാറ്റമില്ലെന്ന് ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പിണറായിയുടെ വാക്കുകൾ –
നമ്മുടെ സംസ്ഥാനത്തും മുസ്ലീമായതിൻ്റെ പേരിൽ ചിലർ കേസിൽപ്പെടുന്ന സാഹചര്യമുണ്ടെന്ന് ഹുസൈൻ മടവൂർ പറഞ്ഞു. അതായത് മുസ്ലീം ചെറുപ്പക്കാരെ തേടിപ്പിടിച്ച് കേസിൽപ്പെടുത്തുന്ന നില രാജ്യത്തെ പലയിടത്തുമുണ്ട്. അതേനില കേരളത്തിലുമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. അതു കേട്ട് ഞാനവിടെ ഇരിക്കുകയാണ്.
അതിനു മറുപടി പറയാൻ ഞാൻ ബാധ്യസ്ഥനാണ്. ഞാനെന്താ പറഞ്ഞത്… ഈ പൊലീസ് എടുക്കുന്ന കേസ്… ആ കേസിൻ്റെ രീതിയെന്താണ്… വസ്തുതയെന്താണ് എന്ന് അന്വേഷിച്ച് വേണം ഉത്തരവാദിത്തപ്പെട്ടൊരാൾ ഇങ്ങനൊരു വേദിയിൽ സംസാരിക്കാൻ… ഈ കേസിൽ അവിടെ പോയ, പ്രശ്നത്തിൽ ഇടപെട്ട എല്ലാവരും മുസ്ലീം ചെറുപ്പക്കാരാണ് അതിനാലാണ് അവരെല്ലാം പ്രതികളായി.. ഇതു മനസ്സിലാക്കാതെ ഉത്തരവാദിത്തപ്പെട്ടൊരാൾ ഇങ്ങനെ പറയാൻ പാടില്ല.. അതു പറയാൻ ഞാൻ ബാധ്യസ്ഥനാണ്.. അതാണ് വസ്തുത..