പാലക്കാട്: ഏപ്രിൽ 25-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ്സ് തടയുമെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ. ഷൊർണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്നാണ് എംപിയുടെ മുന്നറിയിപ്പ്.
വന്ദേഭാരതിന് ഷൊർണ്ണൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് വി.കെ ശ്രീകണ്ഠൻ നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രിയ്ക്കും റെയിൽവേ ബോർഡിനും കത്തയച്ചിരുന്നു.
എന്നാൽ അയച്ച കത്തിന് മറുപടി പോലും നൽകാതെ കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നാണ് വികെ ശ്രീകണ്ഠൻ എംപി ആരോപിക്കുന്നത്. വന്ദേഭാരതിന് ഷൊർണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ഉദ്ഘാടന ഓട്ടത്തിൽ തന്നെ ട്രെയിൻ ഷൊർണ്ണൂരിൽ തടയുമെന്നും എംപി മുന്നറിയിപ്പ് നൽകുന്നു.
വന്ദേഭാരത് ഉദ്ഘാടനം – ഏപ്രിൽ 23 മുതൽ 25 വരെ ട്രെയിൻ സർവീസിൽ മാറ്റം
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ്സിൻ്റെ ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദർശനവും പരിഗണിച്ച് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളുടെ സ്റ്റോപ്പിൽ മാറ്റം. തിരുവനന്തപുരം, കൊച്ചുവേളി സ്റ്റേഷനുകളിൽ സർവ്വീസ് അവസാനിപ്പിക്കുന്ന പല ട്രെയിനുകളും ഏപ്രിൽ 23,24,25 ദിവസങ്ങളിൽ തൊട്ടുമുൻപുള്ള സ്റ്റേഷനുകളിൽ സർവ്വീസ് അവസാനിപ്പിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു
സ്റ്റോപ്പ് മാറ്റം ഇങ്ങനെ –
- ഏപ്രിൽ 23, 24 – മംഗ്ലൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് കൊച്ചുവേളി വരെ
- 23, 24 – ചെന്നൈ-തിരുവനന്തപുരം ട്രെയിൻ കൊച്ചുവേളി വരെ
- 24 – മധുര-തിരു. അമൃത എക്സ്പ്രസ് കൊച്ചുവേളി വരെ
- 23 – ശബരി എക്സ്പ്രസ് കൊച്ചുവേളി വരെ
- 23, 24 – കൊല്ലം-തിരു. എക്സ്പ്രസ് കഴക്കൂട്ടം വരെ
- 24, 25 – നാഗർകോവിൽ- കൊച്ചുവേളി ട്രെയിൻ നേമം വരെ
നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശ്ശൂർ, കോഴിക്കോട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കായംകുളം, ചെങ്ങന്നൂർ, ഷൊർണ്ണൂർ, തിരൂർ സ്റ്റേഷനുകളിൽ കൂടി സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യം ജനപ്രതിനിധികൾ അടക്കമുള്ളവർ ഉയർത്തുന്നുണ്ട്. ടൈംടേബിൾ വരുമ്പോൾ ഈ നാല് സ്റ്റേഷനുകളിൽ രണ്ടിടത്ത് വന്ദേഭാരതിന് സ്റ്റോപ്പ് കിട്ടിയേക്കും എന്നാണ് കരുതുന്നത്. ഒരു സ്റ്റോപ്പ് അനുവദിച്ചാൽ യാത്രാസമയം മൂന്ന് മിനിറ്റ് കൂടും എന്നതാണ് ഇതിലെ പ്രതിസന്ധി.
തിരുവനന്തപുരത്ത് നിന്നും ദില്ലിക്ക് പോകുന്ന രാജ്യധാനി എക്സ്പ്രസ്സ് ആണ് കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ തീവണ്ടി ഏതാണ്ട് എട്ട് മണിക്കൂർ കൊണ്ടാണ് രാജ്യധാനി തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്തുന്നത്. ഇതിലും ഒരു മണിക്കൂർ കുറഞ്ഞ സമയം കൊണ്ടാണ് വന്ദേഭാരത് ഈ ദൂരം താണ്ടിയത്. മലബാറിലെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന മാവേലി, ജനശതാബ്ദി, മംഗളൂരു എക്സ്പ്രസ്സ് ട്രെയിനുകളേക്കാളും മൂന്ന് മണിക്കൂർ വരെ കുറഞ്ഞ സമയം കൊണ്ടാണ് വന്ദേഭാരത് ട്രയൽ റണ് പൂർത്തിയാക്കിയത്.