കോൺഗ്രസിനൊപ്പം നിൽക്കുമ്പോഴും ഉറച്ച നിലപാടുകളിലൂടെ കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കിയ വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആധിപത്യമുണ്ടായിരുന്ന നിലമ്പൂരായിരുന്നു ആര്യാടന്റെ ആദ്യകാലത്തെ രാഷ്ട്രീയ തട്ടകം. ഏത് പാതിരാത്രിയിലും ചെന്ന് മുട്ടാവുന്ന വാതിലായിരുന്നു നിലമ്പൂരുകാര്‍ക്ക് ആര്യാടന് എന്ന കുഞ്ഞാക്ക. ജനകീയനായ നേതാവ് വിടപറയുമ്പോൾ മലപ്പുറത്തുകാർക്കും നിലമ്പൂരുകാർക്കും എക്കാലവും തീരം നഷ്ടമാണ്.
മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്നു മുസ്ലിം ലീഗിനെ പലപ്പോഴും ശക്തമായി വിമര്‍ശിക്കാന്‍ ആര്യാടന് മടിച്ചിരുന്നില്ല. പാണക്കാട് തങ്ങള്‍ മുതല്‍ അഞ്ചാം മന്ത്രി വിഷയത്തില്‍ വരെ ലീഗും ആര്യാടനും ഏറ്റുമുട്ടി. എന്നാല്‍, തെരഞ്ഞെടുപ്പുകളില്‍ ആര്യാടനെ ലീഗ് കൈവിട്ടില്ല. രാഷ്ട്രീയ എതിർപ്പുകൾ മൂടിവെക്കാതെ ശക്തമായി തന്നെ എതിരിട്ടും പറയേണ്ടത് പറഞ്ഞും തിരുത്തിയുമായിരുന്നു ആര്യാടന്റെ ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം.
1965ൽ നിലമ്പൂരിൽ നിന്നുമാണ് ആര്യാടൻ ആദ്യമായി ജനവിധി തേടിയത്. എന്നാൽ പരാജയപ്പെടുകയായിരുന്നു. പിന്നീട് 67ലും നിയസഭയിലേക്ക് മത്സരിച്ചെങ്കിലും കെ കുഞ്ഞാലിയോട് തോറ്റു. 1969ൽ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട് ആര്യാടൻ ജയിലിലായി. പിന്നീട് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
1977ലെ തെരഞ്ഞെടുപ്പിലാണ് നിലമ്പൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. 1980ൽ എ ഗ്രൂപ്പ് ഇടത് മുന്നണിയിൽ എത്തി. പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വർഷം എംഎൽഎ ആകാതെ ഇടത് മുന്നണി മന്ത്രിസഭയിൽ വനം – തൊഴിൽ മന്ത്രിയായി. പിന്നീട് മൂന്ന് മന്ത്രിസഭകളിലേയും മന്ത്രിയായിരുന്നു. 1987മുതൽ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം
1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും മകനായി 1935 മേയ് 15നാണ് ആര്യാടന്റെ ജനനം. നിലമ്പൂർ ഗവൺമെന്റ് മാനവേദൻ ഹൈസ്കൂളിൽ വിദ്യാഭ്യാസം. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1958ൽ കേരള പ്രദേശ് കമ്മിറ്റി മെമ്പറായ ആര്യാടൻ മുഹമ്മദ് 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. കോഴിക്കോട് ഡിസിസി സെക്രട്ടറി, കെപിസിസി അംഗം, കെപിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.
പി.വി.മറിയുമ്മയാണ് ഭാര്യ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി. മരുമക്കൾ: ഡോ.ഹാഷിം ജാവേദ് , മുംതാസ് ബീഗം, ഡോ.ഉമ്മർ സിമി ജലാൽ.