വയനാട്: വയനാട്ടിൽ മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ, കൂടുതൽ പേരെ എത്രയും വേഗം രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു.NDRF, ഡിഫൻസ് സംഘങ്ങൾ ദുരന്ത സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. രക്ഷാപ്രവർത്തകർക്ക് യാത്രാ സൗകര്യം ഒരുക്കി കൊണ്ടിരിക്കുന്നു. ഹെലിക്കോപ്റ്റർ എത്തിക്കാനും ശ്രമം നടത്തുന്നു.
പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്.നിരവധി സ്ഥലത്ത് നിന്നും സഹായ അഭ്യർത്ഥനകൾ വരുന്നുണ്ട്.അതേസമയം, വയനാട് ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതിഗതികൾ ആരായുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു.