ദുബായിൽ താമസിക്കുന്നവർക്ക് വിസ അപേക്ഷകൾ പൂർത്തിയാക്കുന്നതിനായി വീഡിയോ കോൺഫറൻസിംഗ് സേവനങ്ങൾ ഏർപ്പെടുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വാഗ്ദാനം ചെയ്യുന്ന പുതിയ സേവനമാണിത്. ഒരു രേഖ നഷ്ടമാവുകയോ അവ്യക്തമോ ആണെന്ന് കണ്ടെത്തുകയോ ചെയ്താൽ ഈ സേവനം ഉപയോഗിക്കാം. കൂടാതെ വിസ നൽകുന്നതിന് അപേക്ഷകനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെങ്കിലും വിസ ഉദ്യോഗസ്ഥർക്ക് ഈ സേവനം ഉപയോഗിക്കാവുന്നതാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കൂടാതെ റെസിഡൻസി, ഗോൾഡൻ, ഗ്രീൻ വിസകൾ, സ്റ്റുഡന്റ്, വിസിറ്റ് വിസകൾ എന്നിങ്ങനെ എല്ലാത്തരം വിസകളും ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും ഈ സേവനം ഉപയോഗിക്കാമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. അതേസമയം അപേക്ഷകർക്ക് സേവന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ഓപ്ഷൻ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശ്നപരിഹാരങ്ങൾക്ക് ഉദ്യോഗസ്ഥരെ നേരിട്ട് കാണാനും സംസാരിക്കാനും പുതിയ സേവനം അനുവദിക്കുന്നുണ്ട്. എന്നാൽ ഇതിനകം അപേക്ഷ സമർപ്പിച്ച ആളുകൾക്ക് മാത്രമായിരിക്കും വീഡിയോ കോൺഫറൻസ് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുവെന്നും അധികൃതർ വ്യക്തമാക്കി.
ഓൺലൈൻ മീറ്റിംഗിലൂടെ ഉദ്യോഗസ്ഥനുമായി സംസാരിക്കുമ്പോൾ ആവശ്യമായ രേഖകളോ ചിത്രങ്ങളോ ചാറ്റ് ബോക്സ് വഴി അപ്ലോഡ് ചെയ്യാൻ കഴിയും. എന്നാൽ കൃത്യമായ അവലോകനങ്ങൾക്ക് ശേഷം മാത്രമേ ഇവ അപ്ലോഡ് ചെയ്യുകയുള്ളൂ. ഈ സേവനം സമയം കുറയ്ക്കുകയും ഉപഭോക്താക്കൾക്ക് പ്രക്രിയ ലളിതമാക്കുകയും ചെയ്യുമെന്നും ലെഫ്റ്റനന്റ് ജനറൽ അൽ മാരി പറഞ്ഞു.
ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായിരിക്കും ഈ സേവനം ലഭ്യമാകുക. യുഎഇയിൽ താമസിക്കുന്നവർക്കും വിദേശത്തുള്ളവർക്കും പുതിയ സേവനം ഉപയോഗിക്കാനാകും. ഭാവിയിൽ 24 മണിക്കൂറും ഇത് സർവീസ് ആക്കാൻ പദ്ധതിയുണ്ടെന്ന് ലെഫ്റ്റനന്റ് ജനറൽ അൽ മാരി പറഞ്ഞു. അതേസമയം പുതിയ വിസകളും പുതുക്കലുകളും ഉൾപ്പെടെ ഏകദേശം 4.5 ദശലക്ഷം റെസിഡൻസി വിസകൾ ഇതിനോടകം പ്രോസസ്സ് ചെയ്തിട്ടുണ്ട്. 2021-ൽ 47,150 ഗോൾഡൻ വിസകൾ നൽകിയിരുന്നെങ്കിൽ 2022-ൽ ഏകദേശം 80,000 ഗോൾഡൻ വിസകൾ അനുവദിച്ചിട്ടുണ്ട്.