പുതിയ സിനിമകൾ ഇറങ്ങുന്നതിന്റെ ഭാഗമായി വലിയ തുക ചിലവഴിച്ച് പ്രമോഷൻ നടത്തേണ്ട കാര്യമില്ലെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളി. സിനിമയെകുറിച്ചുള്ള വിവരങ്ങളും റിലീസ് തീയതിയും, എന്തു കൊണ്ട് ആ സിനിമ കാണണം എന്നീ കാര്യങ്ങളും പ്രേക്ഷകരെ അറിയിക്കാൻ വേണ്ടിയാണ് പ്രമോഷൻ നടത്തേണ്ടത്. അല്ലാതെ പ്രമോഷൻ കണ്ട് ഞെട്ടിച്ച് ആളുകളെ തീയറ്ററിൽ എത്തിക്കാമെന്ന് ധരിക്കുന്നത് മണ്ടത്തരമാണെന്നും നിർമാതാവ് വേണു കുന്നപ്പിള്ളി എഡിറ്റോറിയലിനോട് പറഞ്ഞു
2018 എന്ന സിനിമയ്ക്ക് വേണ്ടി ചെറിയ രീതിയിലുള്ള പ്രമോഷൻ മാത്രമാണ് നടത്തിയത്. കേരളത്തിലാകെ 25 ഹോർഡിങ്ങുകൾ മാത്രമാണ് സ്ഥാപിച്ചത്. പിന്നെ നിസാരമായ തുകയ്ക്ക് ട്രെയിനിലും പരസ്യം ചെയ്തു. പക്ഷേ ആ സിനിമ ഒരു പ്രമോഷനും കൂടാതെ വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. റിയൽ ടോക്ക് വിത്ത് അരുൺ രാഘവൻ എന്ന അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
2018 എന്ന സിനിമയിൽ നിന്നും പല പ്രൊഡ്യൂസർമാരും പിന്മാറിയെങ്കിലും അതിന്റെ സംവിധായകന് തന്നെ കഥ പറഞ്ഞ് തന്നെ തൃപ്തിപ്പെടുത്താനായെന്നും അതുകൊണ്ടാണ് ആ സിനിമ നിർമിക്കാൻ തീരുമാനിച്ചതും. റിലീസ് ദിവസം വൈകുന്നേരത്തോട് കൂടി തീയറ്ററുകൾ നിറഞ്ഞ് കവിഞ്ഞെന്നും, സിനിമ ചെയ്യുമ്പോൾ തന്നെ അതൊരു വിലിയ വിജയമാകുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു
മാമാങ്കം സിനിമയ്ക്ക് ശേഷം വലിയ രീതിയിൽ സൈബർ ആക്രമണമുണ്ടായി. സിനിമയെടുത്ത ശേഷം താൻ ഫുഡ് ഡെലിവറിയ്ക്ക് പോയി, പുസ്തക വിൽപനയ്ക്ക് പോയി എന്ന തരത്തിൽ വരെ ട്രോളുകൾ വന്നു. പ്രൊഡ്യൂസറെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിലിരിക്കുന്നവരെയും കൂടിയാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. എത്രയൊക്കെ പറഞ്ഞാലും അതിന്റെ വിഷമം ഇപ്പോഴും മനസിലുണ്ടായിരുന്നു. പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും 2018 എന്ന സിനിമയിലൂടെ താൻ വിചാരിച്ച സ്ഥാനത്തെത്തിയെന്നും വേണു കുന്നപ്പിള്ളി പ്രതികരിച്ചു