കൊച്ചി: കെ-ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഹൈക്കോടതിയെ സമീപിച്ചു. കെ ഫോൺ പദ്ധതിക്കായി കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതി നടന്നെന്നാണ് പ്രതിപക്ഷ നേതാവ് ഹർജിയിൽ ആരോപിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാകേണ്ട പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവർക്കാണെന്നും പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും ഹർജിയിൽ വിഡി സതീശൻ ആരോപിക്കുന്നു.
2023 ജൂൺ അഞ്ചിനായിരുന്നു കെഫോണിൻ്റെ ഉദ്ഘാടനം. കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനം കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോഴും കെ ഫോൺ സൗജന്യ കണക്ഷനിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവർക്ക് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ മൂന്നിലൊന്ന് പോലും നൽകിയിട്ടില്ല. ഇരുപത് ലക്ഷം പേർക്ക് കണക്ഷൻ നൽകുമെന്നായിരുന്നു ആദ്യം വന്ന പ്രഖ്യാപനം. പിന്നീട് ആദ്യഘട്ടത്തിൽ 14000 പേർക്ക് കെ ഫോൺ കണക്ഷൻ നൽകുമെന്നായി. ഉദ്ഘാടന സമയത്ത് 2,105 വീടുകളിൽ കണക്ഷൻ എത്തിയെങ്കിൽ ഏഴ് മാസത്തിനിപ്പുറം സൗജന്യ കണക്ഷൻ ഉപയോഗിക്കുന്നത് 3,715 വീടുകളിൽ മാത്രമാണ്
വാർഷിക പരിപാലന തുക മാറ്റിവച്ചാൽ 1168 കോടി രൂപയ്ക്കാണ് കെ ഫോൺ പദ്ധതി നടത്തിപ്പ്. 70 ശതമാനം തുക കിഫ്ബി ഫണ്ടാണ്. പലിശ സഹിതം തിരിച്ചടക്കാൻ വർഷം 100 കോടി വീതം കണ്ടെത്തണം. ഓഫീസ് ചെലവിനത്തിലും കെ.എസ്.ഇ.ബി വാടകയിനത്തിലും പ്രതിമാസം 30 കോടി പ്രവർത്തനചെലവ് അടക്കം വൻ സാമ്പത്തിക ബാധ്യതയുമുണ്ട് കെ ഫോണിന്.